സ്വന്തം ലേഖകന്‍: രാജവെമ്പാലകളെ ഉമ്മവെച്ച് സമൂഹ മാധ്യമങ്ങളില്‍ താരമായ മലേഷ്യന്‍ പാമ്പുപിടിത്ത വിദഗ്ധന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. മലേഷ്യന്‍ അഗ്‌നിശമന സേനയിലെ ജീവനക്കാരനും പാമ്പുപിടിത്ത വിദഗ്ധനുമായ അബു സരിന്‍ ഹുസൈനാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. പാമ്പിനെ മക്കളെപ്പോലെ സ്‌നേഹിച്ചിരുന്ന സരിന്‍ മലേഷ്യയിലെ വിവിധയിടങ്ങളില്‍ ആളുകളുടെ അടിയേറ്റ് ചാവുന്നതിനുമുമ്പ് ഓടിയെത്തി പാമ്പുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കുമായിരുന്നു. അതിനിടെ നിരവധിതവണ പാമ്പുകടിയേല്‍ക്കുകയും ചെയ്യും.
മരണത്തിന്റെ പിടിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ചരിത്രവുമുണ്ട് സരിന്. മൂന്നു വര്‍ഷം മുമ്പ് മൂര്‍ഖന്റെ കടിയേറ്റ് ഏറെനാള്‍ കോമയിലായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലാണ് ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒറ്റക്കൊത്തില്‍ വമ്പന്‍ ആനയെപ്പോലും വീഴ്ത്താന്‍ കഴിയുന്ന ഉഗ്രന്‍ വിഷമുള്ള രാജവെമ്പാലയെ പിടികൂടുന്നതിനിടയിലേറ്റ കടിയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. കടിയേറ്റയുടനെ ബോധരഹിതനായ സരിനെ പഹാങ് സംസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നാലുദിവസത്തോളം ചികിത്സ ലഭിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. മാരകവിഷമുള്ള പാമ്പുകളെ പിടികൂടി മലേഷ്യയിലും അയല്‍ രാജ്യങ്ങളിലും പ്രശസ്തനായ സരിന്‍, ദുരന്തനിവരണ സേനയില്‍ പ്രത്യേക വിഭാഗത്തിന് പരിശീലനവും നല്‍കിയിരുന്നു. രാജവെമ്പാലയായിരുന്നു സരിന്റെ ഇഷ്ടയിനം. ‘ഏഷ്യ ഗോട്ട് ടാലന്റ്’ എന്ന ടി.വി ഷോയില്‍ ഒന്നിലധികം രാജവെമ്പാലകളെ ഉമ്മവെക്കുന്ന വിഡിയോ വൈറലായിരുന്നു. മരണത്തില്‍ ക്വാലാലംപുര്‍ അഗ്‌നിരക്ഷ വിഭാഗം തലവന്‍ ഖൈറുദ്ദീന്‍ റഹ്മാന്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല