1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2017

സ്വന്തം ലേഖകന്‍: ഓസ്‌ടേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം, യുറേനിയം ഇറക്കുമതിയും പ്രതിരോധ സഹകരണവും പ്രധാന വിഷയങ്ങള്‍, ഇന്ത്യക്കാര്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ അവഗണിക്കപ്പെട്ടതായി ആക്ഷേപം. ഡല്‍ഹിയിലെത്തിയ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ നടത്തിയ ചര്‍ച്ചകളില്‍ യുറേനിയം ഇറക്കുമതി ഏറ്റവും നേരേത്ത ആരംഭിക്കാന്‍ ധാരണയായതിനു പുറമേ പ്രതിരോധം, വിദ്യാഭ്യാസം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാനും തീരുമാനമായി.

രണ്ടു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഇതിനിടയില്‍ നടത്തിയ ഡല്‍ഹി മെട്രോ യാത്ര, അക്ഷര്‍ധാം ക്ഷേത്ര സന്ദര്‍ശനം എന്നിവ ശ്രദ്ധേയമായി. വിപുല സാമ്പത്തിക സഹകരണ കരാര്‍ ഒപ്പുവെക്കുന്ന കാര്യത്തില്‍ പുരോഗതി നേടാനായില്ല. പകരം, സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ നേരത്തേ നടത്തുന്നതിനു ബന്ധെപ്പട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ മാത്രമാണ് തീരുമാനം ഉണ്ടായത്.

ഭീകരവിരുദ്ധ സഹകരണം വിപുലമാക്കാനുള്ളതടക്കം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ആറ് കരാറുകള്‍ ഒപ്പിട്ടു. ഭീകരസംഘടനകള്‍ക്ക് അഭയവും സാമ്പത്തിക സഹായവും നല്‍കുന്നവര്‍ക്കെതിരെ ശക്തമായനടപടി വേണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഊര്‍ജമേഖലയിലെ സഹകരണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയ ഇന്ത്യയിലേക്കു യുറേനിയം കയറ്റുമതി എത്രയുംവേഗം ആരംഭിക്കുമെന്നു മാല്‍കം ടേണ്‍ബുള്‍ പറഞ്ഞു.

രണ്ടരവര്‍ഷം മുന്‍പാണ് ഇരുരാജ്യങ്ങളും തമ്മില്‍ സിവില്‍ ആണവസഹകരണ കരാര്‍ ഒപ്പിട്ടത്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണം ഉടനുണ്ടാകും. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളും ഇന്ത്യ–പസഫിക് മേഖലയിലെ സമുദ്രസുരക്ഷ ശക്തമാക്കാനുള്ള നടപടികളും ചര്‍ച്ചചെയ്തു. ആണവദാതാക്കളായ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തിനായുള്ള ഓസ്‌ട്രേലിയയുടെ പിന്തുണയും ടേണ്‍ബുള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ ചര്‍ച്ചകളില്‍ കാര്യമായ വിഷയമായില്ല. കൂടുതല്‍ വര്‍ക്ക് വിസ ഇളവുകള്‍ നേടാനുള്ള ഇന്ത്യയുടെ ശ്രമവും ഫലം കണ്ടില്ലെന്നാണ് സൂചന. മോദിയുമായി ഉറ്റബന്ധമുള്ള വ്യവസായി ഗൗതം അദാനിയുടെ ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനന പദ്ധതിക്ക് അംഗീകാരം നേടാനും ഉച്ചകോടിയില്‍ ശ്രമം നടക്കുന്നുണ്ട്. പാരിസ്ഥിതിക എതിര്‍പ്പുകള്‍ നീക്കി ക്വീന്‍സ്ലന്‍ഡിലെ അദാനി കമ്പനിയുടെ കല്‍ക്കരി ഖനനത്തിന് 900 ദശലക്ഷം ഡോളറിന്റെ കരാറിന് അംഗീകാരം നേടാനും അവിടേക്ക് റെയില്‍പാത നിര്‍മിച്ചുകിട്ടാനുമാണ് അദാനിയുടെ ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.