
സ്വന്തം ലേഖകൻ: സൗദിയിലേക്കടക്കം ഗൾഫ് നാടുകളിലേക്ക് മടങ്ങുന്നതിനായി മാലദ്വീപിൽ എത്തിയ നിരവധി പ്രവാസികൾ ക്വാറന്‍റീൻ ചട്ടങ്ങളിൽ കുടുങ്ങി. ഇന്ത്യയിൽ നിന്ന് സൗദി, യു.എ.ഇ തുടങ്ങിയ ഗൾഫ് നാടുകളിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ പലരും മാലദ്വീപ് ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലൂടെ 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാണ് മടങ്ങുന്നത്. എന്നാൽ ഇത്തരത്തിൽ മാലദ്വീപിൽ എത്തിയ നിരവധി പ്രവാസികളാണ് ഇപ്പോൾ അവിടെ കുടുങ്ങി കിടക്കുന്നതെന്ന് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.
14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയായിട്ടും പലർക്കും തങ്ങളുടെ ഗൾഫിലെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ അധികൃതർ അനുമതി നൽകാത്തതാണ് ഇവരുടെ യാത്ര മുടങ്ങി ദ്വീപിൽ കുടുങ്ങാൻ കാരണം. 14 ദിവസത്തെ ക്വാറന്റീന് ശേഷമുള്ള പി.സി.ആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും ഇവർക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ഇങ്ങിനെ നെഗറ്റീവ് ആയ ആളുകളോടൊപ്പം അതെ ഹോട്ടലിൽ കഴിയുന്ന മറ്റുള്ള മുഴുവനാളുകൾക്കും പരിശോധന നെഗറ്റീവ് ആയാൽ മാത്രമേ എല്ലാവർക്കും ഒന്നിച്ച് യാത്രക്കായി ഹോട്ടൽ അധികൃതർ അനുമതി നൽകുന്നുള്ളൂ. ഇവരിൽ ഒരാൾക്ക് പരിശോധന ഫലം പോസിറ്റീവ് ആയാൽ അദ്ദേഹത്തിന് ഫലം നെഗറ്റീവ് ആവുന്നതുവരെ മറ്റുള്ളവരും കാത്തിരിക്കണമെന്ന വിചിത്ര വ്യവസ്ഥയാണ് വില്ലനാകുന്നത്.
ഇതോടെ ഹോട്ടലിലെ അധിക വാസത്തിന് വീണ്ടും കാശ് കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇവർ. ഹോട്ടലുകാരുടെ ഈ കടുംപിടിത്തം കാരണം ഗൾഫിലെ തങ്ങളുടെ ജോലിയിൽ സമയത്തിന് പ്രവേശിക്കാൻ സാധിക്കാതെ ജോലി നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ദ്വീപിലെ പല ഹോട്ടലുകളിലും ഇത്തരത്തിൽ മലയാളികൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല