1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2020

സ്വന്തം ലേഖകൻ: അൽ ഖായിദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി ഫ്ലോറൻസ് പാർലെ. മാലിയിലെ പ്രമുഖ ജിഹാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്‌ലാം വാൽ മുസ്‌ലിമിന്റെ (ജെഎൻഐഎം) നേതാവായ ഇയാദ് അഗ് ഘാലിയുടെ വലംകയ്യായിരുന്നു ബർമൗസ്സ ഡിയാറ എന്നറിയപ്പെട്ടിരുന്ന മൗസ്സെ. മാലി സൈന്യത്തിനെ മുൻ കേണൽ കൂടിയായിരുന്നു മൗസ്സെ. ‌‌

മാലി സേനയ്ക്കും രാജ്യാന്തര സേനകൾക്കുമെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയ ആളാണ് മൗസ്സെയെന്ന് പാർലെ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. യുഎസിന്റെ ഭീകരപട്ടികയിലും മൗസ്സെ ഉണ്ടായിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വൻ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസമാദ്യം ഫ്രാന്‍സ് മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചിരുന്നു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയായിരുന്നു ആക്രമണം.

അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്. ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം ആഴിച്ചുവിട്ടിരിക്കുന്നത്.

നവംബര്‍ ആദ്യവാരം വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഓസ്ട്രിയ പോലീസ് രാജ്യത്ത് പലഭാഗത്തും റെയ്ഡുകള്‍ നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപതോളം വീടുകള്‍, കടകള്‍, ക്ലബുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഏകദേശം 30 പേര്‍ അറസ്റ്റിലായി. 25 ദശലക്ഷം യൂറോ പിടിച്ചെടുത്തു.

തീവ്രവാദ സംഘടനയോടുള്ള ആഭിമുഖ്യം, ഗൂഢാലോചന, ഭരണകൂടത്തിനെതിരായ ബന്ധം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയാണ് അറസ്റ്റ്. അതേ സമയം, റെയ്ഡുകള്‍ വിയന്നയിലെ തീവ്രവാദ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ അല്ലെന്നു ഗ്രാത്സില്‍ നിന്നുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.