സ്വന്തം ലേഖകന്‍: നാലാം നിലയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച കുടിയേറ്റക്കാരന് പൗരത്വം നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍. അപാര്‍ട്‌മെന്റിന്റെ നാലാം നിലയിലെ മട്ടുപ്പാവിന്റെ അഴികളില്‍ തൂങ്ങിക്കിടന്ന നാലുവയസ്സുള്ള കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ മാലിക്കാരന്‍ മമൂദ് ഗസ്സാമ (22) യെയാണ് ഫ്രാന്‍സ് ആദരിച്ചത്. ഓരോ നിലയും കൈകള്‍കൊണ്ട് അള്ളിപ്പിടിച്ചു കയറിയായിരുന്നു ഗസ്സാമയുടെ സ്‌പൈഡര്‍മാന്‍ ശൈലിയിലുള്ള രക്ഷപ്പെടുത്തല്‍. നാല്‍പതു സെക്കന്‍ഡുകള്‍ കൊണ്ടാണ് ഗസ്സാമ നാലാം നിലയിലെത്തിയത്.
ഗസ്സാമയുടെ ‘സ്‌പൈഡര്‍മാന്‍’ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവ് ഫ്രാന്‍സിന്റെ വീരനായകനായി. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഫെയ്‌സ്ബുക് പേജില്‍ വിഡിയോ പങ്കിട്ടു. തുടര്‍ന്ന് പ്രസിഡന്റിന്റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയ ഗസ്സാമയ്ക്ക് ധീരതയ്ക്കുള്ള മെഡല്‍ സമ്മാനിച്ച ശേഷമാണു ഫ്രഞ്ച് പൗരത്വം മക്രോ വാഗ്ദാനം ചെയ്തത്. അഗ്‌നിശമന സേനയില്‍ ജോലിയും ഉറപ്പുനല്‍കി.
ശനിയാഴ്ച വൈകിട്ടാണു സംഭവം. മട്ടുപ്പാവിന്റെ അഴികളില്‍ തൂങ്ങിക്കിടന്ന കുട്ടിയെക്കണ്ട് എന്തു ചെയ്യണമെന്നറിയാതെ താഴെ ആളുകള്‍ കൂടിനിന്നപ്പോഴാണു ഗസ്സാമ അതുവഴി വന്നത്. അഗ്‌നിശമനസേന പാഞ്ഞെത്തുമ്പോഴേക്കും യുവാവ് കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. കുട്ടി അപകടത്തില്‍പ്പെടുമ്പോള്‍ ഫ്‌ലാറ്റില്‍ മാതാപിതാക്കളുണ്ടായിരുന്നില്ല. അനധികൃത കുടിയേറ്റക്കാരനായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പാരിസിലെത്തിയ ഗസ്സാമ കുടിയേറ്റക്കാരുടെ ഹോസ്റ്റലിലാണു താമസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല