1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2020

സ്വന്തം ലേഖകൻ: യാത്രകള്‍ക്ക് ലോകമെമ്പാടുമുള്ള യാത്രികര്‍ ആശ്രയിക്കുന്ന ഗതിനിര്‍ണയ സേവനമാണ് ഗൂഗിള്‍ മാപ്പ്. എളുപ്പവഴി തിരിച്ചറിയാനും വഴികളിളെ ഗതാഗതക്കുരുക്ക് മുന്‍കൂട്ടിയറിയാനും പെട്രോള്‍ പമ്പ്, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങി യാത്രികര്‍ക്കാവശ്യമുള്ള നിരവധി വിവരങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് അറിയാന്‍ സാധിക്കും.

എന്നാല്‍ വളരെ എളുപ്പം കബളിപ്പിക്കപ്പെടാനിടയുള്ളതും അതുവഴി തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ സാധ്യതയുള്ളതുമായ സേവനമാണ് ഗൂഗിള്‍ മാപ്പ് എന്ന് വ്യക്തമാക്കുന്നതാണ് ബര്‍ലിന്‍ സ്വദേശിയായ സൈമണ്‍ വെക്കെര്‍ട്ട് എന്നയാളുടെ പരീക്ഷണം.

99 ഫോണുകള്‍ ഉപയോഗിച്ച് കാലിയായ റോഡില്‍ വ്യാജ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് സൈമണ്‍ ഗൂഗിള്‍ മാപ്പിനെ കബളിപ്പിച്ചു. ഒരു ഉന്തുവണ്ടിയില്‍ ലൊക്കേഷന്‍ ഓണ്‍ ആക്കിയ നൂറ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ നിറച്ച് ബര്‍ലിനിലെ ഗൂഗിള്‍ ഓഫീസിന് പുറത്തുള്ള തിരക്കില്ലാത്ത റോഡുകളിലൂടെ സൈമണ്‍ നടന്നു.

ഉന്തുവണ്ടി വലിച്ച് പതുക്കെയുള്ള നടത്തവും 99 ഓളം ഫോണുകള്‍ ഒരേ ലൊക്കേഷനില്‍ നിന്നും കണക്റ്റ് ചെയ്യപ്പെട്ടതും കാരണം ആ റോഡില്‍ ഗതാഗതക്കുരുക്കുണ്ടെന്ന് ഗൂഗിള്‍ മാപ്പ് തെറ്റിദ്ധരിച്ചു. സൈമണ്‍ നടന്നുകൊണ്ടിരിക്കുന്ന തിരക്കില്ലാത്ത റോഡുകളില്‍ ശക്തമായ ഗതാഗതക്കുരുക്ക് അടയാളപ്പെടുത്തുന്ന ചുവന്ന വരയാണ് ഗൂഗിള്‍ മാപ്പ് കാണിച്ചത്.

ഈ പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈമണ്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളവര്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നുള്ള ലൊക്കേഷന്‍ ഡേറ്റയും സഞ്ചാര വേഗവും പരിശോധിച്ചാണ് ഗൂഗിള്‍ മാപ്പ് റോഡുകളിലെ ഗതാഗതക്കുരുക്ക് കണ്ടെത്തുന്നത്. സാധാരണ ഗതിയില്‍ ഈ സംവിധാനം കബളിപ്പിക്കപ്പെടുന്ന സാഹചര്യം ഉടലെടുക്കാറില്ല. എന്നാല്‍ സൈമണിനെ പോലെ ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ കൃത്യതയോടെ നീങ്ങുന്ന ഗതാഗത സംവിധാനത്തിന്റെ താളം തെറ്റിക്കാന്‍ അതുമതി. എന്തായാലും ഇങ്ങനെ ഒരു സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ഒരു പ്രശ്‌നത്തിന് ഗൂഗിള്‍ പരിഹാരം കാണേണ്ടതായി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.