1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2023

സ്വന്തം ലേഖകൻ: ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ സാമ്പത്തിക അച്ചടക്കം (ഫിനാൻഷ്യൽ ഫെയർ പ്ലേ) ലംഘിച്ചതിന് മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിനെതിരെ നടപടി വരും. 2009 മുതൽ 2018 വരെ നൂറിലേറെ തവണ ക്ലബ് സാമ്പത്തിക ഇടപാടുകളിൽ തിരിമറി നടത്തിയതായാണ് പ്രിമിയർ ലീഗ് സംഘാടകർ നടത്തിയ 4 വർഷം നീണ്ട അന്വേഷണത്തിന്റെ റിപ്പോർട്ട്. വിചാരണയിൽ ഇതു ശരിയെന്നു തെളിഞ്ഞാൽ പ്രിമിയർ ലീഗിൽനിന്ന് തരം താഴ്ത്തപ്പെടുന്നത് ഉൾപ്പെടെ കനത്ത അച്ചടക്ക നടപടികൾ ക്ലബ് നേരിടേണ്ടി വരും.

2008ൽ അബുദാബി ആസ്ഥാനമായ സിറ്റി ബിസിനസ് ഗ്രൂപ്പ് ക്ലബ് വാങ്ങിയതിനു പിന്നാലെയാണ് സിറ്റി ആരോപണങ്ങളിൽപ്പെട്ടത്. പുതിയ കളിക്കാരെ വാങ്ങാൻ അനുവദനീയമായതിലും കൂടുതൽ തുക ചെലവഴിച്ചു, സ്പോൺസർഷിപ് ഉൾപ്പെടെയുള്ള യഥാർഥ വരുമാനം മറച്ചുവച്ചു, റോബർട്ടോ മാൻചീനി പരിശീലകനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രതിഫലത്തുക വെളിപ്പെടുത്തിയില്ല തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ. കളിക്കാരെ വാങ്ങാനും മറ്റുമുള്ള തുകയ്ക്കു പരിമിതികളുണ്ടായിരിക്കെ, കണക്കുകളിൽ കൃത്രിമം കാട്ടി സിറ്റി ക്ലബ് ഇതു ലംഘിച്ചുവെന്നാണ് ആരോപണം.

നാലു വർഷം മുൻപ് ‘ഫുട്ബോൾ ലീക്ക്സ്’ പുറത്തുവിട്ട രേഖകൾ വിവാദമായതിനു പിന്നാലെ, സിറ്റിയെ യൂറോപ്യൻ ഭരണസമിതി യുവേഫ 2 വർഷത്തേക്കു വിലക്കിയിരുന്നു. എന്നാൽ, സിറ്റി നൽകിയ അപ്പീലിൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതി 2020ൽ ഈ വിലക്കു നീക്കി. 3 കോടി യൂറോ പിഴ വിധിച്ചത് ഒരു കോടി യൂറോയാക്കി കുറയ്ക്കുകയും ചെയ്തു. പുതിയ അന്വേഷണത്തെക്കുറിച്ച് സിറ്റി അധികൃതർ പ്രതികരിച്ചിട്ടില്ല. ഈ സീസൺ പ്രിമിയർ ലീഗിൽ ആർസനലിനു പിന്നിൽ 2–ാം സ്ഥാനത്താണു സിറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.