1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2024

സ്വന്തം ലേഖകൻ: മാഞ്ചസ്റ്റര്‍ മലയാളി സിബിയുടെ ഭാര്യ സിജയുടെ മാതാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. കോതമംഗലം കള്ളാട് ചെങ്ങമനാട്ട് ഏലിയാസിന്റ ഭാര്യ സാറാമ്മ(72)യാണ് കൊല്ലപ്പെട്ടത്. സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് അസം സ്വദേശികളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. മരിച്ച സാറാമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. വൈകീട്ട് മൂന്നേമുക്കാലോടെയാണ് സാറമ്മയുടെ കൊലപാതകം പുറത്തറിഞ്ഞത്. സ്‌കൂള്‍ അദ്ധ്യാപികയായ മരുമകള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന സാറാമ്മയെ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു.

തലയില്‍ കനമുള്ള വസ്തുകൊണ്ട് അടിച്ചതിന് സമാനമാണ് മുറിവ്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന് ചുറ്റും മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്. വീടിന്റെ പിന്‍വശത്തെ വാതില്‍പ്പടിയിലും മഞ്ഞല്‍പ്പൊടിയിട്ടിട്ടുണ്ട്. ഈ വാതില്‍വഴി അക്രമി അകത്തെത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ഉച്ചയ്ക്ക് ഒരു മണിയോടെ അയല്‍വാസി സാറാമ്മയെ കണ്ടിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയില്‍ കൊലപാതകം നടന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

പൊലീസെത്തി നടത്തിയ പരിശോധനയില്‍ സാറാമ്മയുടെ കൈയിലുണ്ടായിരുന്ന നാല് വളകളും, കഴുത്തില്‍ക്കിടന്ന മാലയും നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി.വിവരമറിഞ്ഞ് വലിയ ജനക്കൂട്ടവും വീടിന് ചുറ്റും തടിച്ചുകൂടി. അന്വേഷണത്തിനായി എറണാകുളം റൂറല്‍ എസ്പി. പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

മൃതദേഹം കടന്ന സ്ഥലത്ത് മഞ്ഞള്‍പ്പൊടി വിതറിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും പ്രതികള്‍ക്കു രക്ഷപ്പെടാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിനു പിന്നാലെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇന്നലെ മുതല്‍ പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവരെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.