1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2024

സ്വന്തം ലേഖകൻ: കൗമാര പ്രായത്തില്‍ തന്നെ രാജ്യ സ്‌നേഹത്തിന്റെയും സന്നദ്ധ സേവനത്തിന്റെയും പ്രാധാന്യവും കുട്ടികളില്‍ ഐക്യവും പരസ്പര സ്‌നേഹവും ഒക്കെ വളര്‍ത്തുവാന്‍ നിരവധി പദ്ധതികള്‍ രാജ്യങ്ങള്‍ ആസൂത്രണം ചെയ്യാറുണ്ട്. ഇന്ത്യയിലുള്ള എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട് ആന്റ് ഗൈഡ് പോലുള്ള കൂട്ടായ്മകള്‍ അത്തരത്തില്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവയാണ്. ബ്രിട്ടനിലെ കൗമാരപ്രായക്കാരിലേക്ക് ഇത്തരമൊരു ആശയം എത്തിക്കുവാന്‍ ലക്ഷ്യമിട്ട് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ പ്രധാന നയ പ്രഖ്യാപനത്തില്‍ പറഞ്ഞ നിര്‍ബന്ധിത ദേശീയ സേവനം അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ഋഷി സുനക്.

18 വയസ്സുള്ളവര്‍ ഒന്നുകില്‍ 12 മാസത്തേക്ക് സൈന്യത്തില്‍ ചേരുകയോ അല്ലെങ്കില്‍ വാരാന്ത്യങ്ങളില്‍ സന്നദ്ധസേവനം നടത്തുകയോ ചെയ്യുന്ന ഒരു നിര്‍ബന്ധിത ദേശീയ സേവനമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അവതരിപ്പിക്കുവാന്‍ തയ്യാറെടുക്കുന്നത്. അതേസമയം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ പുതിയ നയം അനുസരിച്ച് നിര്‍ബന്ധിത ദേശീയ സേവന പരിപാടിയില്‍ പങ്കെടുക്കാത്ത കൗമാരക്കാരെ ജയിലിലേക്ക് അയക്കില്ലെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. യുവാക്കള്‍ സൈന്യത്തില്‍ ചേരാനോ സന്നദ്ധപ്രവര്‍ത്തനം നടത്താനോ വീസമ്മതിച്ചാല്‍ ക്രിമിനല്‍ ഉപരോധം നേരിടേണ്ടിവരില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഋഷി സുനകിന്റെ പ്രഖ്യാപനം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിരവധി പരിഹാസങ്ങള്‍ക്ക് വിധേയമായതിനു പിന്നാലെയാണ് ദേശീയ സേവനം ചെയ്യാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകില്ലായെന്നും ഇതിന്റെ പേരില്‍ ആരും ജയിലില്‍ പോകില്ലായെന്നും ജെയിംസ് ക്ലെവര്‍ലി പറഞ്ഞത്. ഇന്ന് കൗമാരക്കാര്‍ തമ്മില്‍ ഒരു സാമൂഹ്യ ബന്ധം ഉണ്ടാകുന്നില്ല. അവര്‍ പരസ്പരം വിഘടിച്ചു പോവുകയാണ് ചെയ്യുന്നത്. അവര്‍ അവരുടെ സ്വന്തം കമ്മ്യൂണിറ്റികളില്‍ തന്നെ ഒതുങ്ങിപ്പോവുകയും വ്യത്യസ്ത മതങ്ങളിലുള്ളവരുമായി ഇടപഴകാതെ, വ്യത്യസ്ത വീക്ഷണങ്ങള്‍ അറിയാതെ പോവുകയാണ് ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോഴാണ് ദേശീയ സേവനം എന്ന ആശയത്തിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എത്തിയത്.

ഈ നിര്‍ദ്ദേശം ഗൗരവമില്ലാത്തതും ഫണ്ടില്ലെന്നും പറഞ്ഞ് ലേബര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ നികുതി വെട്ടിപ്പിലൂടെ തിരിച്ചെടുക്കുന്ന ആറു ബില്യണ്‍ പൗണ്ടില്‍ രു ബില്യണ്‍ പൗണ്ട് ഇതിനായി മാറ്റിവെയ്ക്കുമെന്ന് ടോറികള്‍ പറഞ്ഞു. ഈ നയം അവതരിപ്പിക്കുന്നതിന് പ്രതിവര്‍ഷം 2.5 ബില്യണ്‍ പൗണ്ട് ചിലവാകും എന്ന് ടോറി കണക്കാക്കുന്നു. ബാക്കിയുള്ള 1.5 ബില്യണ്‍ പൗണ്ട് യുകെ ഷെയര്‍ഡ് പ്രോസ്പെരിറ്റി ഫണ്ട് വിപുലീകരിക്കുന്നതിലൂടെ ലഭിക്കും. അതേസമയം, നിര്‍ബന്ധിത ദേശീയ സേവനത്തിനുള്ള നിര്‍ദ്ദേശം ഒരു ‘തമാശ’ ആണെന്നും തന്റെ പാര്‍ട്ടിയുടെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണെന്നും റിഫോം യുകെയുടെ ഓണററി പ്രസിഡന്റ് നിഗല്‍ ഫാരേജ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.