1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2020

സ്വന്തം ലേഖകൻ: വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ബഹുമതി നിരസിച്ച് മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി. ലിസിപ്രിയ കംഗുജം എന്ന മണിപ്പൂര്‍ സ്വദേശിയായ എട്ട് വയസ്സുകാരിയാണ് ഷി ഇന്‍സ്‌പൈര്‍സ് അസ് എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക ക്യാംമ്പയിനില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ തന്റെ ശബ്ദത്തിന് ചെവികൊടുക്കാത്തവരാണെങ്കില്‍ എന്നെ ആഘോഷിക്കേണ്ട എന്നാണ് ഈ എട്ടു വയസ്സുകാരി പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട നരേന്ദ്രമോദി ജി, എന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ ദയവു ചെയ്ത് എന്നെ ആഘോഷിക്കാതിരിക്കുക. രാജ്യത്തെ പ്രചോദിപ്പിക്കപ്പെടുന്ന സ്ത്രീകളില്‍ എന്നെയും തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ട്. ഒരുപാട് ചിന്തിച്ചതിനു ശേഷം ഈ അംഗീകാരം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ജയ് ഹിന്ദ്’ ലിസിപ്രിയ കംഗുജം ട്വീറ്റ് ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകയായ ഈ മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി ഇന്ത്യയിലെ ഉയര്‍ന്ന വായുമലിനീകരണത്തിനെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. 2019 ഡിസംബറില്‍ മാഡ്രിഡില്‍ നടന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രത്യേക സെഷനില്‍ ഈ വിദ്യാര്‍ത്ഥിനി സംസാരിച്ചിരുന്നു. എ.പി.ജെ. അബ്ദുല്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡും ഈ വിദ്യാര്‍ത്ഥിനി നേടിയിട്ടുണ്ട്.

മാര്‍ച്ച് 8 ന് വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്ന ഷി ഇന്‍സ്‌പൈര്‍സ് അസ് എന്ന ക്യാംമ്പയിനിന്റെ ഭാഗമായി തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം മോദി നടത്തിയിരുന്നു.

“ജീവിതംകൊണ്ടും പ്രവൃത്തികൊണ്ടും നമ്മളെ പ്രചോദിപ്പിച്ച വനികകള്‍ക്ക് വേണ്ടി ഈ വനിതാ ദിനത്തില്‍ ഞാനെന്റെ എല്ലാ സോഷ്യല്‍ മീഡയ അക്കൗണ്ടുകളും നല്‍കും. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഊര്‍ജ്ജംനല്‍കാന്‍ ഇതവര്‍ക്ക് പ്രചോദനമാകും. നിങ്ങള്‍ അത്തരം ഒരു സ്ത്രീയാണോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം പ്രചോദനം നല്‍കുന്ന സ്ത്രീകളെ അറിയുമോ? #SheInspiresUs എന്ന ഹാഷ്ടാഗില്‍ അത്തരം കഥകള്‍ പങ്കുവെക്കൂ,” മോദി ട്വിറ്ററില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.