1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2015

സ്വന്തം ലേഖകൻ: കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതി അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്ത്. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുത്തില്ലത്ത് വീട്ടില്‍ അംഗമായ മാര്‍ഗി സതി കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും കേരളത്തിലെ പ്രമുഖ സാന്നിധ്യമായിരുന്നു.

ദീര്‍ഘകാലമായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം തിരുവനന്തപുരത്ത് മാര്‍ഗിയില്‍ അദ്ധ്യാപികയായി. നിലവില്‍ കലാമണ്ഡലം അദ്ധ്യാപികയായിരുന്നു.

ഇടയ്ക്ക കലാകാരനായ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പോറ്റി, മാര്‍ഗി സതി കൂടിയാട്ടം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെ തിരുവനന്തപുരത്തു വേദിയില്‍ വെച്ച് ഷോക്കേറ്റു മരിക്കുകയായിരുന്നു. തുടര്‍ന്നാണ് കലാമണ്ഡലത്തില്‍ അദ്ധ്യാപികയായി എത്തുന്നത്. കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും ഒട്ടനവധി അതിപ്രധാനമായ വേഷങ്ങള്‍ മാര്‍ഗ്ഗി സതി കലാകേരളത്തിനു സമ്മാനിച്ചു.

പാരീസിലെ ഐക്യരാഷ്ട്ര സഭ വേദിയിലടക്കം കൂടിയാട്ടം അവതരിപ്പിച്ച സതി നോട്ടം ഉൾപ്പെടെ നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജാപ്പനീസ് കഥ അടിസ്ഥാനമാക്കി നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കലാദര്‍പ്പണം അവാര്‍ഡ്, നാട്യരത്‌ന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മക്കള്‍: രേവതി, ദേവനാരായണന്‍. മരുമകന്‍: മധു. സംസ്‌കാരം ബുധനാഴ്ച മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.