
സ്വന്തം ലേഖകൻ: നാടക, സീരിയൽ നടൻ വി.പി. ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം.
ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മഴവിൽ മനോരമയുടെ ‘മറിമായം’ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായത്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
നിരവധി നാടകങ്ങളിലും സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൊച്ചിൻ സനാതനയുടെ എഴുന്നെള്ളത്ത്, ആലപ്പി തിയേറ്റേഴ്സിന്റെ ഡ്രാക്കുള അഞ്ചാം തിരുമുറിവ് തുടങ്ങിയവയാണ് വേഷമിട്ട പ്രധാന നാടകങ്ങൾ. 1973-ൽ പുറത്തിറങ്ങിയ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല