1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2021

സ്വന്തം ലേഖകൻ: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി യൂറോപ്യൻ സെൻട്രൽ ബാങ്ക് മുൻ മേധാവി മാരിയോ ദ്രാഗി സത്യപ്രതിജ്ഞ ചെയ്തു. 23 മന്ത്രിമാരിൽ എട്ടുപേർ വനിതകളാണെന്നതാണ് രാജ്യത്തിന്റെ 67-ാം മന്ത്രിസഭയുടെ ഏറ്റവും വലിയ പ്രത്യേകത. സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള 15 മന്ത്രിമാർ കഴിഞ്ഞാൽ ബാക്കിയുള്ള മന്ത്രിമാരുടേത് രാഷ്ട്രീയേതര സാങ്കേതിക നിയമനങ്ങളാണ്.

ഫൈവ് സ്റ്റാർ മൂവ്മെന്റ് (M5S), പർതീതോ ഡെമോക്രാറ്റികോ (PD), ഫോർസ ഇറ്റാലിയ (FI), റൈറ്റ് വിംഗ് ലീഗ്, ഇറ്റാലിയ വിവ (IV), ലെഫ്റ്റ് വിംഗ് ലിബെറി ആൻഡ് ഉഗാലി (LeU) എന്നിവയാണ് മന്ത്രിസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികൾ. ലൂയിജി ദി മായോ (വിദേശകാര്യം), റൊബർതോ സ്പെറൻസ (ആരോഗ്യം), ദാരിയോ ഫ്രാൻചെസ്കീനി ( സാംസ്കാരികം ) എന്നിവരുൾപ്പെടെ ഏഴു മന്ത്രിമാർ ജൂസപ്പേ കോൺതേയുടെ കഴിഞ്ഞ സർക്കാരിലുണ്ടായിരുന്നവരാണ്.

പുതിയ ധനകാര്യമന്ത്രി ദാനിയേലെ ഫ്രാങ്കോ, ബാങ്ക് ഓഫ് ഇറ്റലിയുടെ ഡയറക്ടർ ജനറൽ, ഐടി വിദഗ്ധൻ റൊബെർതോ ചിൻഗൊലാനി, വൊഡാഫോൺ മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ വിത്തോറിയോ കൊളാവോ എന്നിങ്ങനെ പലരും രാഷ്ട്രീയക്കാരെ മറികടന്ന് മാരിയോ ദ്രാഗി നിയമിച്ച ടെക്നോക്രാറ്റുകളാണ്.

73 വയസുള്ള പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് മന്ത്രിസഭയിൽ ഏറ്റവും മുതിർന്നയാൾ. 34 വയസുകാരനായ ലുയിജി ദി മായോ ഏറ്റവും ജൂനിയറും. അടുത്തയാഴ്ചയോടെ പാർലമെന്റിലെ ഇരുസഭകളിലും പ്രധാനമന്ത്രി സർക്കാരിന്റെ നയപരിപാടികൾ അവതരിപ്പിക്കും. കൊവിഡ് ഉലച്ച ഇറ്റലിയുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, യൂറോപ്യൻ യൂണിയന്റെ മാന്ദ്യവിരുദ്ധ പാക്കേജ് ഫലപ്രദമായി പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് ദ്രാഗിയുടെ മുന്നിലുള്ള പ്രധാന കടമ്പകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.