1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2024

സ്വന്തം ലേഖകൻ: അടുത്ത കുറച്ച് വര്‍ഷത്തില്‍ ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി സ്‌പേസ് എക്‌സ് സ്ഥാപകനും മേധാവിയുമായ ഇലോണ്‍ മസ്‌ക്. ചൊവ്വയിലേക്ക് പത്ത് ലക്ഷം പേരെ അയക്കാനാണ് താന്‍ ലക്ഷ്യമിടുന്നത് എന്ന് മസ്‌ക് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പറഞ്ഞു.

ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റ് ആണെന്നും ഇത് ഒരിക്കല്‍ നമ്മളെ ചൊവ്വയില്‍ എത്തിക്കുമെന്നുമുള്ള അടിക്കുറിപ്പോടുകൂടി എക്‌സില്‍ പങ്കുവെച്ച സ്‌പേസ് എക്‌സിന്റെ സ്റ്റാ‌ര്‍ഷിപ്പ് റോക്കറ്റിന്റെ ചിത്രത്തിന് മറുപടിയായാണ് മസ്‌ക് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ടെസ് ല ഓണേഴ്‌സ് സിലിക്കണ്‍ വാലി എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.

ചൊവ്വയുമായി ബന്ധപ്പെട്ട തന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്റ്റാര്‍ഷിപ്പ് സഹായകമാവുമെന്ന് മസ്‌ക് അവകാശപ്പെടുന്നു. രാജ്യത്തുടനീളം നടക്കുന്ന വിമാനയാത്ര പോലെയായിരിക്കും ഒരിക്കല്‍ ചൊവ്വയിലേക്കുള്ള യാത്രയെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനെ ഒന്നിലധികം ഗ്രഹങ്ങളിലെത്തിക്കാനുള്ള പദ്ധതികള്‍ മസ്‌ക് മുമ്പും പങ്കുവെച്ചിട്ടുണ്ട്. ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി ഒരു തരത്തില്‍ മനുഷ്യവംശത്തിന് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് തുല്യമാണെന്ന് വരെ അദ്ദേഹം പറയുകയുണ്ടായി.

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അതി തീവ്രമായ ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ടെന്ന തരത്തിലാണ് മസ്‌കിന്റെ സമീപകാലത്തെ പ്രസ്താവനകള്‍. ഏറ്റവും ശക്തമായ ബഹിരാകാശ റോക്കറ്റുകളിലൊന്നായ സ്റ്റാര്‍ഷിപ്പിന്റെ നിര്‍മാണവും അതിലൊന്നാണ്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ഷിപ്പിന് ചന്ദ്രനിലെത്തുമെന്നാണ് മസ്‌ക് കഴിഞ്ഞയാഴ്ച നടത്തിയ പ്രവചനം. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂളിന് 50 വര്‍ഷക്കാലമായി ആര്‍ക്കും സാധിക്കാത്ത അത്രയും ദൂരത്തേക്ക് ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനാവുമെന്നും മസ്‌ക് പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും, ചൊവ്വയില്‍ സ്വയം പര്യാപ്തമായ ഒരു മനുഷ്യ സംസ്‌കാരത്തിന് തുടക്കമിടണമെങ്കില്‍ കഠിന പരിശ്രമവും നൂതന ആശയങ്ങളും ആവശ്യമായിവരുമെന്ന ബോധ്യം മസ്‌കിനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.