
സ്വന്തം ലേഖകൻ: പെര്‍സിവിയറന്‍സ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനം എന്ന പേര് ഇന്‍ജെന്യൂയിറ്റി സ്വന്തമാക്കി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഹെലികോപ്റ്റര്‍ പരീക്ഷണ പറത്തല്‍ നടത്തിയത്. ഇതിന്റെ തത്സമയ വിവരങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെലികോപ്റ്റര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് മീറ്റര്‍ ഉയരത്തിലാണ് പറന്നുയര്‍ന്നത്. 30 സെക്കന്റ് നേരം ഉയര്‍ന്നു നിന്ന ഹെലികോപ്റ്റര്‍ പിന്നീട് താഴെ സുരക്ഷിതമായിറക്കി. ആകെ 39.1 സെക്കന്റ് നേരമാണ് ഇന്‍ജെന്യൂയിറ്റിയുടെ ആദ്യ പറക്കല്‍ നീണ്ടുനിന്നത്.
നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി വികസിപ്പിച്ച അല്‍ഗൊരിതം അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗതിനിയന്ത്രണ സംവിധാനങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി പൂര്‍ണമായും ഓട്ടോണമസ് ആയാണ് ഹെലിക്കോപ്റ്ററിന്റെ ആദ്യ പറക്കല്‍ നടത്തിയത്.
ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്റര്‍ ആദ്യമായി പറന്നുയര്‍ന്ന സ്ഥലം ഇനി റൈറ്റ് ബ്രദേഴ്‌സ് ഫീല്‍ഡ് എന്ന് അറിയപ്പെടുമെന്ന് നാസയുടെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഫോര്‍ സയന്‍സ് തോമസ് സര്‍ബചെന്‍ പ്രഖ്യാപിച്ചു. ഭൂമിയില്‍ ആദ്യ വിമാനം പറത്തിയ റൈറ്റ് ബ്രദേഴ്‌സിനോടുള്ള ആദരസൂചകമായാണ് ഈ പേര് നല്‍കിയത്. നിലവില്‍ ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്ററില്‍ ശാസ്ത്ര പര്യവേക്ഷണ ഉപകരണങ്ങളൊന്നും തന്നെയില്ല. ഭാവിയില്‍ ചൊവ്വയിലെ ആകാശമാര്‍ഗമുള്ള പഠനങ്ങള്‍ക്ക് സഹായകമാവുന്ന ഉപകരണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പരീക്ഷണമാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല