1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2021

സ്വന്തം ലേഖകൻ: താൻ മരിച്ചെന്ന് കരുതിയാണ് അജ്ഞാത സംഘം മടങ്ങിയതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്‍റ് ഷൊവ്നെല്‍ മൊയിസിൻ്റെ ഭാര്യ മാര്‍ട്ടിനി മോയ്സ്. അജ്ഞാത സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ താൻ ഭയന്നു. മിനിറ്റുകൾ നീണ്ട ആക്രമണത്തിൽ ഞാൻ മരിച്ചെന്ന് കരുതിയാണ് അവർ പോയതെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ആക്രമണം നടക്കുമ്പോൾ വീടിന് പുറത്ത് അമ്പതോളം സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നു. പ്രസിഡൻ്റിൻ്റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത സംഘം ആക്രമിച്ചിട്ടും സുരക്ഷാ ജീവനക്കാർക്ക് പരിക്ക് പോലും പറ്റിയില്ല. ആക്രമണം നടക്കുമ്പോൾ ഇവർ എവിടെയായിരുന്നുവെന്ന് പോലും വ്യക്തമല്ല. സർക്കാരുമായി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ തന്നെയോ ആണ് പ്രസിഡൻ്റിൻ്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്നതായും മാര്‍ട്ടിനി മോയ്സ് വ്യക്തമാക്കി.

അജ്ഞാത സംഘത്തിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഷൊവ്നെല്‍ മൊയിസ് സുരക്ഷാ ജീവനക്കാരെ വിളിച്ചിരുന്നു. എന്നാൽ അവർ അവിടെ നിന്നും വിട്ടുനിന്ന അവസ്ഥയിലായിരുന്നു. ഈ സമയത്തിനിടെ അവർ കിടപ്പുമുറിയിൽ എത്തിയിരുന്നു. ഭര്‍ത്താവ് വെടിയേറ്റ് കിടക്കുമ്പോള്‍ വായില്‍ രക്തം നിറഞ്ഞ് താന്‍ ശ്വാസം മുട്ടുകയായിരുന്നുവെന്നും അവർ പറഞ്ഞു.

വീട്ടിൽ അതിക്രമിച്ച് കടന്നവർ സ്പാനിഷ് ഭാഷയിലാണ് സംസാരിച്ചിരുന്നത്. ഫോണിലൂടെയുള്ള നിർദേശ പ്രകാരമാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് മനസിലാക്കി. ഹെയ്തിയിൽ ക്രിയോളും ഫ്രഞ്ചുമാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ആരുടെയോ നിർദേശം അനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത് പരിക്കേറ്റ് കിടക്കുമ്പോൾ മനസിലായിരുന്നു.

ഗുരുതരമായി പരിക്കേറ്റതിനാൽ ചികിത്സയുടെ ഭാഗമായി കഴിയുകയാണ്. പ്രതികളെ പിടികൂടിയില്ലെങ്കിൽ തുടർന്നും വരുന്ന അധികാരികൾക്കും ഈ അനുഭവം തന്നെയുണ്ടാകും. പൂർണ ആരോഗ്യവതിയായി തിരിച്ചെത്തിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമെന്നും അഭിമുഖത്തിൽ മാര്‍ട്ടിനി മോയ്സ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.