1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2023

സ്വന്തം ലേഖകൻ: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്‌. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള്‍ സമ്മാനിച്ച, കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോര്‍ജ്ജ്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് പൊളിച്ചെഴുതി.

സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാല്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിന്റെ തിരക്കഥ രചിച്ചത് കെ.ജി. ജോർജ് ആയിരുന്നു. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സ്വപ്നാടനത്തിന് മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം ലഭിച്ചു. രാപ്പാടികളുടെ ഗാഥയ്ക്ക് 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.1982—ൽ മികച്ച ചിത്രം, കഥ എന്നിവയ്ക്ക് യവനികയ്ക്കും 1983-ൽ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് ആദാമിന്റെ വാരിയെല്ലിനും സംസ്ഥാന പുരസ്കാരം ലഭിച്ചു. ഇരകൾ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985 ലും കെ.ജി. ജോർജിനെത്തേടി സംസ്ഥാന പുരസ്കാരമെത്തി.

യവനിക, സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഗായിക സൽമയാണ് ഭാര്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.