സ്വന്തം ലേഖകന്‍: മാത്യു കൊടുങ്കാറ്റ് നാശം വിതക്കുന്നു, ഹെയ്തിയില്‍ 108 പേര്‍ മരിച്ചു, ഫ്‌ലോറിഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മാത്യു കൊടുങ്കാറ്റ് അടുത്തെത്തിയതിനെ തുടര്‍ന്നാണ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 220 കിലോ മീറ്ററില്‍ ചുഴറ്റിയടിക്കുന്ന കാറ്റ് ഫ്‌ലോറിഡയുടെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളൈന എന്നിവിടങ്ങളിലെ തീരമേഖലകളില്‍നിന്ന് 20 ലക്ഷം പേരെ ഒഴിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. ഇവരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്കു നീങ്ങാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഫ്‌ളോറിഡയില്‍ മണിക്കൂറില്‍ 150 മൈല്‍ വേഗത്തില്‍ കാറ്റുവീശുമെന്നു ഗവര്‍ണര്‍ റിക് സ്‌കോട്ട് പറഞ്ഞു.
ഈ കൊടുങ്കാറ്റ് നിങ്ങളെ അപായപ്പെടുത്തും. എത്രയും വേഗം ഒഴിഞ്ഞുപോകുക. സമയം അതിക്രമിക്കുന്നു–സ്‌കോട്ട് പത്രസമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. ആയിരം നാഷണല്‍ ഗാര്‍ഡുകളെയും 2500 ഭടന്മാരെയും അധികമായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മയാമി അന്തര്‍ദേശീയ വിമാനത്താവളത്തിലും ഫോര്‍ട്ട് ലോഡര്‍ഡെയില്‍ വിമാനത്താവളത്തിലും മുന്‍കരുതല്‍ നടപടികളെടുത്തു. ഇതിനകം 2500 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. ഹെയ്തിയിലും ക്യൂബയിലും ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലും വന്‍നാശം വിതച്ച് വീശിയടിക്കുന്ന മാത്യു കൊടുങ്കാറ്റ് ഇതുവരെ ഹെയ്തിയില്‍ 108 ജീവന്‍ അപഹരിച്ചു.
ഹെയ്തിയിലെ റോച്ചെ എ ബാതോയില്‍ മാത്രം 50 പേരാണ് മരിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കില്‍ നാലുപേര്‍ മരണപ്പെട്ടു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് കൂടുതലും ആളുകള്‍ മരിച്ചത്. ബഹാമാസിലേക്കും ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്തേക്കും നീങ്ങുന്ന മാത്യു കൊടുങ്കാറ്റ് ജോര്‍ജിയ, സൗത്ത് കരോളിന, നോര്‍ത്ത് കരോളിന എന്നിവിടങ്ങളിലും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല