1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2017

സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ നാട്ടില്‍ മനുഷ്യനെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് മോദി, മണിക്കൂറുകള്‍ക്കുള്ളില്‍ ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഗോ സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരാള്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികാഘോഷ വേദിയിലായിരുന്നു മോദിയുടെ പരാമര്‍ശം.

മഹാത്മാഗാന്ധിയുടെ നാട്ടാണിത്. ഇത് അഹിംസയുടെ നാടാണ്. അക്രമം കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ല. നമുക്ക് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതാദ്യമായാണ് രാജ്യത്ത് വ്യാപകമാകുന്ന ഗോസംരക്ഷകരുടെ അതിക്രമങ്ങള്‍ക്കെതിരെ മോദി വാ തുറക്കുന്നത്. എന്നാല്‍ മനുഷ്യനെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ കഴിയും മുമ്പ് ത്സാര്‍ഖണ്ഡിലെ രാംഗഡില്‍ ബീഫ് കയ്യില്‍ വച്ചു എന്നാരോപിച്ച് അസ്ഗര്‍ അന്‍സാരിയെന്നയാളെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു.

നേരത്തെ ഈദിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ ട്രയിനില്‍ സഞ്ചരിക്കുകയായിരുന്ന ജുനൈദ് ഖാന്‍ എന്ന 16 കാരനെ ഗോമാംസം കൈവശം വെച്ചതായി ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. പശുവിന്റെ ജഡം വീടിനടുത്ത് കണ്ടതായി ആരോപിച്ച് ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മോദി ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.