1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2023

സ്വന്തം ലേഖകൻ: യുദ്ധം തകർത്ത യുക്രൈനിൽനിന്ന് നാട്ടിലെത്തിയ മലയാളി വിദ്യാർഥികൾ തുടർപഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോയിത്തുടങ്ങി. യുക്രൈൻ സർവകലാശാലകളിൽനിന്ന് വിടുതൽ വാങ്ങി റഷ്യയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് കൂടുതൽപേരുമെത്തിയത്. യുക്രൈനിൽ സീറ്റ് തരപ്പെടുത്തിക്കൊടുത്ത ഏജന്റുമാർതന്നെയാണ് ജോർജിയ, മാൾഡോവ, അർമീനിയ, ഹംഗറി എന്നിവിടങ്ങളിൽ തുടർപഠനത്തിന് സാധ്യതയൊരുക്കിയത്.

യുക്രൈനിൽനിന്നെത്തിയ 18,000 മെഡിക്കൽ വിദ്യാർഥികളിൽ 2700 പേർ മലയാളികളായിരുന്നു. ഇന്ത്യയിലെ സർവകലാശാലകളിൽ തുടർപഠനത്തിന് അവസരം നൽകില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) വ്യക്തമാക്കിയതോടെയാണ് വിദ്യാർഥികൾ മറ്റുരാജ്യങ്ങളിലേക്ക് പോയത്. യുക്രൈനെ അപേക്ഷിച്ച് ട്യൂഷൻ ഫീസും ഹോസ്റ്റൽഫീസും മറ്റുമായി അധികചെലവ് വരുമെന്ന ആശങ്കയും വിദ്യാർഥികൾ പങ്കുവെക്കുന്നു.

എൻ.എം.സി.യുടെ ഉപദേശപ്രകാരം ജോർജിയയിലെ മൂന്ന് സർവകലാശാലകളിൽ മൊബിലിറ്റി പഠനം നടത്തുന്നവരുമുണ്ട്. ഇവരുടെ മദർയൂണിവേഴ്‌സിറ്റി യുക്രൈനിൽ തന്നെയായിരിക്കും.
ഹംഗറിയിൽ ചിലയിടങ്ങളിൽ ട്യൂഷൻഫീസും താമസവും സൗജന്യമായി നൽകുന്നുണ്ട്. യുദ്ധഭീതിയിൽ നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽവെച്ച് പൂരിപ്പിച്ചുകൊടുത്ത അപേക്ഷപ്രകാരമാണിത്.

യുക്രൈനിലെ സപ്രോഷ്യ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച 1500 ഇന്ത്യൻ വിദ്യാർഥികളിൽ അധികവും ഉസ്‌ബെക്കിസ്താനിലേക്കാണ് മാറിയത്. കിർഗിസ്താൻ, തുർക്കിസ്താൻ എന്നിവിടങ്ങളിലേക്കും ഏജന്റുമാർ മുഖേന വിദ്യാർഥികൾ മാറിയിട്ടുണ്ട്.

യുക്രൈനിൽ പലയിടത്തും ബാങ്കുകളും കോളേജുകളും പ്രവർത്തിക്കാത്തത് ഓൺലൈൻ പഠനം നടത്തുന്നവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെലവ് കൂടുതലെങ്കിലും മറ്റിടങ്ങളിൽ പോകാൻ വിദ്യാർഥികൾ നിർബന്ധിതരായത്.

ബാങ്ക് വായ്പയെടുത്ത് പഠിക്കുന്നവരാണ് ഭൂരിഭാഗവും. ആറുവർഷത്തേക്കുള്ള മൊത്തം ഫീസടച്ച് ഒന്നോ രണ്ടോ മാസംമാത്രം യുക്രൈനിൽ കഴിഞ്ഞവരുണ്ട്. 2021-നുശേഷം പ്രവേശനം നേടിയവർക്ക് മറ്റിടങ്ങളിലേക്ക് വിടുതൽ നൽകേണ്ടതില്ലെന്ന ചട്ടവും വിദ്യാർഥികൾക്ക് തിരിച്ചടിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.