1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2020

സ്വന്തം ലേഖകൻ: അറബ് മേഖലയിലെ മെഡിക്കൽ ടൂറിസം രംഗത്ത് ദുബായിക്ക് ഒന്നാംറാങ്ക്. ഇന്റർനാഷണൽ ഹെൽത്ത് കെയർ റിസർച്ച് സെന്റർ (ഐ.എച്ച്.ആർ.സി) അടുത്തിടെ പുറത്തിറക്കിയ ഗ്ലോബൽ മെഡിക്കൽ ടൂറിസം റിപ്പോർട്ട് പ്രകാരമാണിത്. തുടർച്ചയായ രണ്ടാം വർഷമാണ് അറബ് മേഖലയിലെ മെഡിക്കൽ ടൂറിസത്തിൽ ദുബായ് മുൻനിരസ്ഥാനം നിലനിർത്തുന്നത്.

ലോകത്ത് മെഡിക്കൽ ടൂറിസത്തിൽ ദുബായ് ആറാം സ്ഥാനത്തും ആധിപത്യമുറപ്പിച്ചു. ഏറ്റവും പുതിയ അംഗീകാരം ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ഗുണനിലവാരത്തെ വീണ്ടും ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കുകയാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി റെഗുലേഷൻ സെക്ടർ സി.ഇ.ഒ. ഡോ. മർവാൻ അൽ മുവല്ല പറഞ്ഞു.

ദുബായിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ നിർമിക്കുന്നതിനും വിവിധ വിഭാഗങ്ങളിൽ അന്താരാഷ്ട്ര പ്രാവീണ്യമുള്ള ഡോക്ടർമാരെ നിയമിക്കുന്നതിനും പ്രത്യേക നിക്ഷേപം മാറ്റിവെച്ചിട്ടുണ്ട്. 2020-ന്റെ ആദ്യപകുതിയിൽ ആരോഗ്യരംഗത്ത് 3397 ലൈസൻസുകൾ ദുബായ് ഹെൽത്ത് അതോറിറ്റി നൽകി. 45 പുതിയ ആരോഗ്യ സൗകര്യങ്ങളും ഒരാശുപത്രിയും 10 പ്രത്യേക മെഡിക്കൽ ക്ലിനിക്കുകളും ഈ കാലയളവിൽ അനുവദിച്ചു. 20 പരമ്പരാഗത ചികിത്സാ കേന്ദ്രങ്ങൾക്കും ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ഇവിടെ 234 പ്രൊഫഷണലുകൾ ജോലി ചെയ്യുന്നു.

മുൻവർഷങ്ങളെ അപേക്ഷിച്ച് 2019-ൽ വിനോദസഞ്ചാരികളുടെ എണ്ണം നാല് ശതമാനം വർധിച്ച് 3,50,118-ലെത്തി. ഇവരിൽ ഭൂരിഭാഗവും ഏഷ്യക്കാരാണ്. അറബ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ വിനോദസഞ്ചാരികൾ 28 ശതമാനം, യൂറോപ്യൻ രാജ്യങ്ങൾ 17 ശതമാനം, ആഫ്രിക്കൻ (10), അമേരിക്ക, മറ്റ് രാജ്യങ്ങൾ (10) എന്നിങ്ങനെയാണെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.