സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ നോബേല്‍ പുരസ്കാരങ്ങളുടെ വരവിന് തുടക്കമായി, ജീവികളിലെ ജൈവ ഘടികാരത്തിന്റെ രഹസ്യങ്ങള്‍ വെളിവാക്കിയ മൂന്നംഗ സംഘത്തിന് വൈദ്യ ശാസ്ത്ര നോബേല്‍. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി സി ഹാള്‍, മൈക്കല്‍ റോസബാഷ്, മൈക്കല്‍ ഡബ്ല്യു യങ് എന്നിവരാണ് ഈ വര്‍ഷത്തെ ആദ്യ നോബേലിന് അര്‍ഹരായത്.
മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രാതല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനമാണ് മൂവരേയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്. 11 ലക്ഷം ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ ജൈവശാസ്ത്രപരമായ താളം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് തിരിച്ചറിയുന്നതില്‍ ഇവരുടെ കണ്ടെത്തല്‍ നിര്‍ണായകമായതായി പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.
രാത്രിയും പകലും മാറുന്നതിനനുസരിച്ച് എല്ലാ ജീവജാലങ്ങളിലും മാറ്റം ഉണ്ടാകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ സസ്യവും മൃഗവും മനുഷ്യനും തങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നു. ഈ പ്രവര്‍ത്തനമാണ് ഇതാണ് ജീവികളിലെ ജൈവഘടികാരം എന്നറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ അതിലെ നിര്‍ണായക കണ്ടെത്തലുകള്‍ ഇരുപതാം നൂറ്റാണ്ടിലാണ് ഉണ്ടായത്.
ജെഫ്രി സി ഹാള്‍ 1945 ല്‍ ന്യുയോര്‍ക്കിലാണ് ജനിച്ചത്. ബ്രാന്‍ഡെയ്സ് സര്‍വ്വകലാശാലയില്‍ ഗവേഷകനായിരിക്കെ റോസ്ബാഷിനൊപ്പം പീരിയഡ് ജീന്‍ ഗവേഷണത്തില്‍ സജീവമായി. കേംബ്രിജില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ഹാള്‍ ഇപ്പോള്‍. 1944 ല്‍ ഒക്ലഹോമയിലാണ് മൈക്കല്‍ റോസ്ബാഷ് ജനിച്ചത്. ബ്രാന്‍ഡെയ്സ് സര്‍വ്വകലാശാലയിലെ ഗവേഷകാണ് ഇപ്പോഴും റോസ്ബാഷ്. മൈക്കല്‍ യങ് 1949 ല്‍ മയാമിയില്‍ ജനിച്ചു. റോക്കെഫെല്ലര്‍ സര്‍വ്വകലാശാലയിലെ ഗവേഷണവും അധ്യാപനവുമായി കഴിയുകയാണ് അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല