1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2017

സ്വന്തം ലേഖകന്‍: മേഘാലയയില്‍ ബിജെപിയുടെ കശാപ്പു നിരോധന കാര്‍ഡ് ഏശുന്നില്ല, പ്രതിഷേധവുമായി പാര്‍ട്ടി വിട്ടത് 5000 ത്തോളം പ്രവര്‍ത്തകര്‍. കന്നുകാലി കശാപ്പ് നിയന്ത്രിക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് മേഘാലയ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. യുവമോര്‍ച്ച ടുറാ സിറ്റി അധ്യക്ഷന്‍ വില്‍വെര്‍ ഗ്രഹാം ഡോന്‍ഗോ ഉള്‍പ്പെടെ 5000 ഓളം പ്രവര്‍ത്തകരാണ് ഇതുവരെ ബിജെപി വിട്ടത്.

ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ രാജിവച്ചതോടെ അഞ്ചു മണ്ഡലം കമ്മിറ്റികള്‍ ഇല്ലാതായി.മാട്ടിറച്ചി കഴിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സംസ്‌കാരം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പ്രഖ്യാപിച്ചു. ഞങ്ങളെ വിശ്വസിച്ച് പാര്‍ട്ടിക്കൊപ്പം നിന്ന ജനങ്ങളുടെ വികാരം മാനിക്കാതിരിക്കാന്‍ കഴിയില്ലെന്ന് വില്‍വെര്‍ പറഞ്ഞു. രാഷ്ട്രീയം മതവുമായി കൂട്ടിക്കെട്ടാനാവില്ല. എന്നാല്‍, ബിജെപി ഇപ്പോള്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വില്‍വെര്‍ ഗ്രഹാം തന്റെ രാജിക്കത്ത് സംസ്ഥാന യുവമോര്‍ച്ച അധ്യക്ഷന്‍ എഗന്‍സ്റ്റര്‍ കുര്‍കലാംഗിനു കൈമാറി. കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ കമ്മിറ്റി ഓഫിസ് പൂട്ടുകയും പാര്‍ട്ടി കൊടി താഴ്ത്തിക്കെട്ടുകയും ചെയ്തിട്ടുണ്ട്. അതേസമയം, കൂടുതല്‍ കൊഴിഞ്ഞുപോക്കുസാധ്യത സ്ഥിരീകരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭശൈലാങ് കോങ്‌വിര്‍, വരുംദിവസങ്ങളില്‍ ഗാരോ ഹില്‍സ് മേഖലയില്‍ നിന്നു കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് എതിരെ അസം, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി അധ്യക്ഷന്‍മാര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടിക്കു കനത്ത തിരിച്ചടിയായി കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുന്നത്. ബീഫ് വിഷയത്തില്‍ രജിവെച്ച പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നത് കേന്ദ്ര നേതൃത്വത്തിന് തലവേദനയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.