സ്വന്തം ലേഖകന്‍: മേഘാലയയില്‍ രണ്ടാഴ്ചയായി ഖനിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ മങ്ങുന്നു; വെള്ളം കയറിയ ഗുഹക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം; ശക്തിയേറിയ പമ്പുകളുമായി അവസാന ശ്രമത്തിന് കിര്‍ലോസ്‌കര്‍ കമ്പനി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ ഡി ആര്‍ എഫിലെ മുങ്ങല്‍ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇതൊരു നല്ല സൂചനയല്ല,’ ഇതായിരുന്നു രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന എന്‍ ഡി ആര്‍ എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിങ്ങിന്റെ പ്രതികരണം. ഡിസംബര്‍ 13നാണ് മേഘാലയയിലെ കിഴക്ക് ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള റാറ്റ് ഹോള്‍ കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്.
ഖനിക്കുള്ളില്‍ വെള്ളം നിറഞ്ഞതാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടാന്‍ കാരണം. വെളളം പുറത്തേക്ക് കളയാന്‍ സഹായകമായ ഉപകരണം ഇല്ലാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങു തടിയായത്. രക്ഷാപ്രവര്‍ത്തനത്തിനായി 100 കുതിര ശക്തിയുള്ള പത്ത് പമ്പുകള്‍ക്കായി ജില്ലാ ഭരണകൂടത്തോട് എന്‍ഡിആര്‍എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപേക്ഷ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നും തന്നെ ഉണ്ടായില്ല.
ഇതുവരെ 25 കുതിര ശക്തിയുള്ള പമ്പുകള്‍ ഉപയോ?ഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇവ അപര്യാപ്തമായതിനാല്‍ തിങ്കളാഴ്ച മുതല്‍ പമ്പിംഗ് നടന്നിട്ടില്ല. തൊഴിലാളികളുടെ നിലവിലെ അവസ്ഥയെന്താണ് എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും സന്തോഷ് സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതിനിടെ ഖനിയില്‍ വെള്ളം വറ്റിക്കാന്‍ സഹായിക്കാമെന്നു പമ്പ് നിര്‍മാണ കമ്പനിയായ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സിന്റെ വാഗ്ദാനം.
ശേഷിയേറിയ പമ്പുകള്‍ ഇതിനായി ഉപയോഗിക്കും. 2 സംഘങ്ങളായി കമ്പനിയുടെ രക്ഷാപ്രവര്‍ത്തകര്‍ ഖനിയുടെ പരിസരത്തെത്തി. വ്യോമസേന, കോള്‍ ഇന്ത്യ സംഘങ്ങള്‍ ഇന്നെത്തും. ഇതോടെ രക്ഷാപ്രവര്‍ത്തനം സജീവമാകുമെന്നാണു പ്രതീക്ഷ. എന്‍ഡിആര്‍എഫിന്റെ 70 ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ് ഡി ആര്‍ എഫ്) 22 പേരുമാണ് രക്ഷപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല