1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2018

സ്വന്തം ലേഖകന്‍: രാജകീയ വിവാഹത്തിനു ശേഷം ബ്രിട്ടീഷുകാരിയാകാന്‍ ഒരുങ്ങുന്ന മേഗന്‍ മാര്‍ക്കലിനെ കാത്തിരിക്കുന്നത് കഠിന പരീക്ഷ. ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ വധുവാകാന്‍ പോകുന്ന യുഎസ് ടിവി താരം മേഗന്‍ മാര്‍ക്കല്‍ ബ്രിട്ടിഷ് പൗരത്വം നേടാനായി പരീക്ഷ പാസാവേണ്ടതുണ്ട്. ബ്രിട്ടിഷ് രാജകുടുംബത്തിലെ മരുമകളായാണ് എത്തുന്നതെങ്കിലും പൗരത്വം കിട്ടാന്‍ മേഗന്‍ കടുത്ത പരീക്ഷകളെ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാത്രമല്ല, അവിടെ താമസം ഉറപ്പിച്ചാല്‍ തന്റെ ചെലവുകള്‍ വഹിക്കാന്‍ തക്ക സമ്പന്നനാണ് പ്രതിശ്രുത വരനെന്നു കാണിക്കേണ്ടിയും വരും. പങ്കാളിയുടെ വാര്‍ഷിക വരുമാനം 18,600 പൗണ്ടോ (ഏകദേശം 17 ലക്ഷം രൂപ) ആകെ സമ്പാദ്യം 62,500 പൗണ്ടോ (ഏകദേശം 57.5 ലക്ഷം രൂപ) ആണെങ്കില്‍ ഈ കടമ്പ കടക്കാമെന്നതിനാല്‍ മേഗന് ഇതു തടസ്സമാകില്ല. മേയ് 19നു നടക്കുന്ന രാജകീയ വിവാഹത്തിനു ശേഷം യുകെ പൗരത്വം എടുക്കാന്‍ മേഗന്‍ താത്പര്യപ്പെടുന്നുണ്ടെന്നാണു കൊട്ടാരവൃത്തങ്ങള്‍ പറയുന്നത്.

ബ്രിട്ടനിലെ പൗരത്വ നടപടികള്‍ തലചുറ്റിക്കും വിധം സങ്കീര്‍ണമാണെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ നിയമങ്ങളില്‍ ഇളവു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ട്. ബ്രിട്ടിഷ് രാജകുടുംബം വിവാഹ മോചിതകളായ അമേരിക്കന്‍ മരുമക്കളോട് എന്നും അനുഭാവപൂര്‍വമാണ് പെരുമാറിയിരുന്നത്. എഡ്വേര്‍ഡ് എട്ടാമന്‍ രാജാവ് 1936ല്‍ അമേരിക്കക്കാരിയും ഇരുവട്ടം വിവാഹമോചിതയുമായ വാലിസ് സിംപ്‌സണെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഭരണഘടനാ പ്രതിസന്ധി ഉയര്‍ന്നുവന്നു. തുടര്‍ന്ന് രാജാവ് കിരീടം ഉപേക്ഷിച്ചു വാലിസിനെ വിവാഹം ചെയ്തത് ചരിത്രം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.