1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2021

സ്വന്തം ലേഖകൻ: ജകുടുംബത്തിൽനിന്നു നേരിട്ട കടുത്ത അവഗണനയും വിവേചനവും തുറന്നു പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ. യുഎസ് മാധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രയ്ക്കു നൽകിയ അഭിമുഖത്തിലാണ് മേഗന്റെ വെളിപ്പെടുത്തൽ. നേരിടേണ്ടി വന്ന കടുത്ത അവഗണനയിൽ ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നും മേഗൻ പറഞ്ഞു.

തന്റെ മകൻ ആർച്ചിക്ക് രാജകുടുംബത്തിൽ യാതൊരു അവകാശങ്ങളും ഉണ്ടാകാൻ പോകുന്നില്ലെന്നു പറഞ്ഞ മേഗൻ അവൻ ജനിക്കുന്നതിന് മുമ്പുതന്നെ വർണവെറി നേരിടേണ്ടി വന്നിരുന്നെന്നും വെളിപ്പെടുത്തി.

“അവനെ രാജകുമാരനായൊന്നും അവർ കാണില്ലെന്നു ഹാരി നേരത്തെ പറഞ്ഞിരുന്നു, എന്തിനേറെപ്പറയണം, കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാൻ പോലും അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. അവൻ ജനിക്കുന്നതിന് മുൻപു നടത്തിയ സംഭാഷണങ്ങളിൽനിന്നുതന്നെ ഒരു പദവിയോ സുരക്ഷയോ അവനു നൽകാൻ പോകുന്നില്ലെന്നു വ്യക്തമായിരുന്നു. അവന്റെ നിറം എന്തായിരിക്കുമെന്നു വരെ ചർച്ചകൾ നടന്നു,“ മേഗൻ പറഞ്ഞു.

വിവാഹത്തിനു മുൻപുതന്നെ കാര്യങ്ങൾ ശരിയായ രീതിയിൽ പോകില്ലെന്നുള്ളതിന്റെ സൂചനകൾ ലഭിച്ചിരുന്നു. മകനു യാതൊരു പദവിയും ലഭിക്കില്ലെന്ന് ഹാരി തന്നെ അറിയിച്ചു. എന്നാൽ വിചാരിച്ചതിലും ഭീകരമായിരുന്നു അവസ്ഥ. ഇനി ജീവിക്കേണ്ട എന്ന ചിന്ത പോലും പലപ്പോഴായി മനസ്സിൽ കടന്നു വന്നു. മാനസിക സംഘർഷങ്ങൾ മറികടക്കാൻ കൊട്ടാരത്തിൽനിന്ന് വൈദ്യസഹായം ആവശ്യപ്പെട്ടപ്പോൾ അത് നിഷേധിക്കപ്പെട്ടെന്നും ഇക്കാര്യം വളരെയധികം വേദനിപ്പിച്ചെന്നും മേഗൻ പറഞ്ഞു.

മേഗന് ആത്മഹത്യാ ചിന്ത വന്ന കാലത്ത് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയതായി ഹാരി രാജകുമാരനും വെളിപ്പെടുത്തി. ഒരു സഹായത്തിനു പോലും ആരുമില്ലായിരുന്നു. ആരുമായും തുറന്നു സംസാരിക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പെരുമാറ്റത്തിലും വളരെയധികം ആശങ്കയുണ്ടായിരുന്നെന്നും ഹാരി തുറന്നു പറഞ്ഞു.

“ചരിത്രം ആവർത്തിക്കുകയാണോയെന്ന് എനിക്ക് തോന്നി. 1997ൽ മരണത്തിനു മുൻപ് തന്റെ അമ്മയ്ക്കു (ഡയാന രാജകുമാരി) സംഭവിച്ചത് ഇവിടെയും സംഭവിക്കുകയാണോ എന്നു തോന്നി. പല പൊതുപരിപാടികളിലും ഞാൻ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ അമ്മയെ വേട്ടയാടിയതിനേക്കാൾ ഭീകരമാണ് ഇവിടെ, കാരണം ഇവിടെ നിങ്ങൾ‌ മേഗന്റെ വംശത്തെയും കൂട്ടുപിടിച്ചിട്ടുണ്ട്,“ ഹാരി പറഞ്ഞു.

മേഗനെകുറിച്ചു വംശീയാധിക്ഷേപം ഉന്നയിക്കുന്ന നിരവധി വാർത്തകളും ലേഖനങ്ങളും വന്നിരുന്നു. എന്നാൽ രാജ കുടുംബത്തിലെ ആരുംതന്നെ ഇതിനെതിരെ പ്രതികരിക്കാൻ തയാറായില്ല എന്നതാണ് എന്നെ വളരെയധികം വേദനിപ്പിച്ചതെന്നും ഹാരി പറ‍ഞ്ഞു. തന്റെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയെ കണ്ണടച്ച് അംഗീകരിച്ചിരുന്നില്ലെന്നു പറഞ്ഞ ഹാരി അവരോട് ബഹുമാനമുണ്ടെന്നും കൂട്ടിച്ചേർത്തു. തന്റെ സഹോദരനും അച്ഛനും തന്നോട് ഇപ്പോൾ സംസാരിക്കാറില്ലെന്നും ഹാരി വെളിപ്പെടുത്തി. 2020 ജനുവരിയിലാണ് കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിഞ്ഞ് പുറത്തുപോകുന്നതായി ഹാരി പ്രഖ്യാപിച്ചത്.

തന്റെ മാനസിക സംഘര്‍ഷം കുറയ്ക്കാൻ കൊട്ടാരത്തോട് മെഡിക്കൽ സഹായം ആവശ്യപ്പെട്ടപ്പോൾ തനിക്കത് നിഷേധിക്കപ്പെട്ടുവെന്നും പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള വ്യക്തിപരമായ സംഗതികള്‍ പോലും അപ്രാപ്യമായിത്തീര്‍ന്നതായും മേഗന്‍ സൂചിപ്പിച്ചു. വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും അഭിമുഖത്തില്‍ ഹാരിയും മേഗനും വെളിപ്പെടുത്തി. വിവാഹത്തില്‍ നിന്ന് ഹാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നതായി മേഗന്‍ നേരത്തെ റോയല്‍സ് അറ്റ് വാര്‍ എന്ന പുസ്തകത്തിലൂടെ മേഗന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ബ്രിട്ടിഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍റെയും പരേതയായ ഡയാനയുടെയും രണ്ടാമത്തെ പുത്രനാണ് ഹാരി. അദ്ദേഹം പ്രണയിച്ചു വിവാഹം ചെയ്ത ഹോളിവുഡ് നടി മേഗന്‍ അമേരിക്കക്കാരിയും വിവാഹമോചിതയും ഭാഗികമായി കറുത്ത വർഗക്കാരിയുമാണ്. അതാണ് മേഗനെ അകറ്റി നിർത്താൻ രാജകുടുംബത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.