
സ്വന്തം ലേഖകൻ: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കില്‍ പിടിയിലായത് കാമുകിക്കൊപ്പം. ‘റൊമാന്റിക് ട്രിപ്പ്’ പോകുന്നതിനിടെയാണ് ചോക്‌സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ‘മെഹുല്‍ ചോക്‌സിക്ക് ഒരു തെറ്റുപറ്റി, കാമുകിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡൊമിനിക്കില്‍ വെച്ച് പിടിക്കപ്പെട്ടു. ഇനി അദ്ദേഹത്തെ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് നാടുകടത്താം’ ഗാസ്റ്റണ്‍ ബ്രൗണ്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
2017ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് ഡൊമിനിക്കില്‍ പിടിക്കപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. നിലവില്‍ ഡൊമിനിക്കയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള അദ്ദേഹത്തെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ കൈമാറ്റം തടഞ്ഞ് കോടതി വിധിയുണ്ടായിരുന്നു.
അദ്ദേഹത്തെ തട്ടികൊണ്ടു പോയതാണെന്നും ക്രൂരമായി മര്‍ദനമേറ്റെന്നുമാണ് ചോക്‌സിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇതിനിടെ ചോക്‌സിയെ കസ്റ്റഡിയിലെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോസ്ഥര്‍ ഡൊമിനിക്കില്‍ എത്തിയിട്ടുണ്ടെന്ന് ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ഇന്ത്യയിലേക്ക് ചോക്‌സിയെ നാടുകടത്തുന്നതിനാവശ്യമായ രേഖകള്‍ ഡൊമിനിക്കന്‍ അധികൃതര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ചോക്‌സിയെ കൊണ്ടുവരാന്‍ സ്വകാര്യ വിമാനവുമായിട്ടാണ് ഇന്ത്യന്‍ അന്വേഷണ സംഘം കരീബിയന്‍ ദ്വീപ് രാജ്യമായ ഡൊമിനിക്കില്‍ എത്തിയിട്ടുള്ളത്. ചോക്‌സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയിലാണ് ചോക്‌സിയെ പ്രവേശിപ്പിച്ചിച്ചിട്ടുള്ളത്. നേരത്തെ നടത്തിയ കോവിഡ് പരിശോധനയില്‍ ചോക്‌സിയുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ചോക്‌സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്ത അദ്ദേഹത്തിന്റെ ഡൊമിനിക്കയിലെ അഭിഭാഷകനായ ജസ്റ്റിന്‍ സൈമണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അനധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ഡൊമിനിക്കന്‍ അധികൃതര്‍ ചോക്‌സിയെ തടവിലാക്കിയിരിക്കുന്നത്. ചോക്‌സിക്കെതിരെയുള്ള ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധമുള്ള ചിലര്‍ ആന്റിഗ്വ അധികൃതരുമായി ചേര്‍ന്നാണ് ചോക്‌സിയെ കടത്തിക്കൊണ്ടു പോയതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആരോപണം. ചോക്‌സി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും അഭിഭാഷകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല