1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2021

സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് കടന്നതായി സൂചന. ചോക്‌സിയെ കാണാനില്ലെന്ന് ആന്റിഗ്വാ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലേക്ക് കടന്ന ചോക്‌സി, അവിടുത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു.

ചോക്‌സിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് കമ്മിഷണര്‍ ആറ്റ്‌ലി റോഡ്‌നിയെ ഉദ്ധരിച്ച് ആന്റിഗ്വയിലെ പ്രാദേശിക മാധ്യമമായ ആന്റിഗ്വാ ന്യൂസ് റൂം റിപ്പോര്‍ട്ട് ചെയ്തു. ചോക്‌സിയെ അവസാനമായി കാണ്ടത്, ഞായറാഴ്ച വൈകുന്നേരം അഞ്ചേകാലോടെ വീട്ടില്‍നിന്ന് ഒരു കാറില്‍ പോകുന്നതാണ്. ആന്റിഗ്വയില്‍നിന്ന് ചോക്‌സിയെ കാണാതായതായി ജോണ്‍സണ്‍ പോയിന്റ് പോലീസ് സ്‌റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചോക്‌സിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ചോക്‌സിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നപക്ഷം അക്കാര്യം പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചോക്‌സി ക്യൂബയിലേക്ക് കടന്നെന്നാണ് സൂചന. ചോക്‌സിക്ക് ക്യൂബയില്‍ സ്വത്തുവകകളുണ്ട്.

ചോക്‌സി ആന്റിഗ്വ വിട്ടതായും ക്യൂബയിലെ ആഡംബരവസതിയില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ടാവുമെന്നും അദ്ദേഹത്തിന്റെ സഹായിയെ ഉദ്ധരിച്ച് ആന്റിഗ്വയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചോക്‌സിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആന്റിഗ്വയ്ക്കു മേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഒരുപക്ഷെ ഇതാകാം നാടുവിടാന്‍ ചോക്‌സിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ചോക്‌സിക്ക് മറ്റൊരു കരീബിയന്‍ രാജ്യത്തിന്റെ പൗരത്വമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികള്‍ വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.