സ്വന്തം ലേഖകൻ: എന്‍ എച്ച് എസ് ചാരിറ്റികള്‍ സംയുക്തമായി നടത്തിയ സര്‍വ്വെയുടെ ഫലം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത്. നാലില്‍ മൂന്ന് ജീവനക്കാരും (76 ശതമാനം) കഴിഞ്ഞ വര്‍ഷം മാനസികാസ്വാസ്ഥ്യം അനുഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അത് മാത്രമല്ല ആശങ്കയുയര്‍ത്തുന്ന കാര്യം, പകുതിയിലധികം പേര്‍ (52 ശതമാനം) കഠിനമായ ഉത്കണ്ഠ അനുഭവിച്ചിരുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി.
ഏതാണ്ട് സമാനമായ തോതില്‍ (51 ശതമാനം) പേര്‍ക്ക് വിഷാദ മനോഭാവം (ലോ മൂഡ്) ഉണ്ടായപ്പോള്‍, അഞ്ചില്‍ രണ്ടിലേറെ പേര്‍ക്ക് (42 ശതമാനം) കഠിനമായ ക്ഷീണവും അനുഭവപ്പെട്ടത്രെ. അഞ്ചില്‍ മൂന്നുപേര്‍ വീതം (60 ശതമാനം) തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മാനസികാരോഗ്യത്തെ കുറിച്ച് വേവലാതിപ്പെടുന്നതായും സര്‍വ്വേ പറയുന്നു.
ഇത്രയധികം പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിട്ടും എന്‍ എച്ച് എസ് ജീവനക്കാര്‍ തങ്ങളുട്ടെ തൊഴിലിനോടും തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തോടും നല്ല രീതിയില്‍ പ്രതിബദ്ധത പുലര്‍ത്തുന്നവരാണെന്നും സര്‍വ്വേയില്‍ തെളിയുന്നു. മൂന്നില്‍ രാണ്ടിലധികം പേരും (68 ശതമാനം) പറഞ്ഞത് തങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും എന്‍ എച്ച് എസ് വിട്ടുപോകാന്‍ ആലോചിക്കുന്നില്ല എന്നായിരുന്നു. മാത്രമല്ല, ഏതാണ്ട് അഞ്ചില്‍ നാല് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളും (79 ശതമാനം) തങ്ങള്‍ എന്‍ എച്ച് എസില്‍ ജോലി ചെയ്യുന്നു എന്നതില്‍ ഏറെ അഭിമാനിക്കുന്നവരാണ്.
കേവലം ഒരു കാലിക പ്രതിഭാസം എന്നതിനപ്പുറം, ‘വിന്റര്‍ പ്രഷര്‍’ വര്‍ഷം മുഴുവന്‍ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് മേല്‍ അനുഭവപ്പെടുന്നുണ്ട്. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പറഞ്ഞത് ഓരോ വര്‍ഷവും എന്‍ എച്ച് എസിന് മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു വരുന്നു എന്നാണ്. ജീവന്‍ രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം, ഉയര്‍ന്ന ജോലിഭാരം, ദീര്‍ഘനേരമുള്ളതും സാമൂഹ്യ ഒത്തുചേരലുകള്‍ക്ക് ഇടനല്‍കാത്തതുമായ ജോലി സമയം, ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരിക എന്നിവയൊക്കെ ചേര്‍ന്ന് എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാക്കിയില്ലെങ്കിലെ അദ്ഭുതമുള്ളു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്‍ എച്ച് എസ് ജീവനക്കാരുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിന് എത്രമാത്രം പരിഗണന നല്‍കണം എന്ന് ഈ റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു. മാനസിക ക്ഷേമം ഉറപ്പാക്കിയാല്‍ മാത്രമെ അവര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയുകയുള്ളു എന്നും ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നു. ജീവനക്കാരുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനൊപ്പം, ജീവനക്കാരുടെ കുറാവ് പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികളും സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല