1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2023

സ്വന്തം ലേഖകൻ: സ്പാനിഷ് ക്ലബ് ബാർസിലോനയിൽ വീണ്ടും കളിക്കാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ‘‘എന്റെ തിരിച്ചുവരവിനായി ലാലിഗ എല്ലാം അംഗീകരിച്ചെന്നാണു ഞാൻ കേട്ടത്. എന്നാൽ ഇനിയും അവിടെ ഒരുപാടു കാര്യങ്ങൾ നടക്കാനുണ്ട്. ബാര്‍സിലോന താരങ്ങളെ വിൽക്കുകയാണെന്നും പ്രതിഫലം വെട്ടിച്ചുരുക്കുകയാണെന്നും അറിഞ്ഞു.

അങ്ങനെയുള്ള കാര്യങ്ങളിലൂടെ കടന്നുപോകാനോ, അത്തരം ഉത്തരവാദിത്തങ്ങൾ ഏൽക്കാനോ ഞാൻ താൽപര്യപ്പെടുന്നില്ലെന്നതാണു സത്യം. ബാർസിലോനയിൽ കളിച്ചിരുന്നപ്പോൾ പല കാര്യങ്ങളിലും ഞാൻ ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അതൊന്നും സത്യമല്ല. ഞാൻ ഇപ്പോൾ തന്നെ ക്ഷീണിതനാണ്. വീണ്ടും അത്തരം സാഹചര്യങ്ങളിൽപെടാൻ താൽപര്യമില്ല.’’– മെസ്സി സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയോടു പറഞ്ഞു.

‘‘എന്റെ ഭാവി മറ്റാരുടേയെങ്കിലും കൈകളിൽ ഏൽപിക്കാൻ താൽപര്യമില്ല. ബാർസയിലേക്കു തിരികെ വരാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതു നടന്നില്ല. ഇനി കുടുംബത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കണം. വ്യക്തിപരമായ സന്തോഷം കണ്ടെത്താൻ സാധിക്കാത്ത രണ്ടു വർഷങ്ങളാണ് എനിക്കുണ്ടായത്.

ലോകകപ്പ് നേടിയ ആ മാസം മനോഹരമായിരുന്നു, പക്ഷേ മറ്റെല്ലാംകൊണ്ടും എനിക്കു ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. എനിക്ക് സന്തോഷം വീണ്ടെടുക്കണം. കുടുംബത്തോടൊപ്പമുള്ള ജീവിതം ആസ്വദിക്കണം. അതുകൊണ്ടാണ് ബാർസിലോനയിലേക്കു പോകേണ്ടെന്നു തീരുമാനിച്ചത്.’’– മെസ്സി വ്യക്തമാക്കി.

യൂറോപ്പിൽനിന്നു തന്നെ ഒരു ക്ലബിൽനിന്നുള്ള ഓഫർ പരിഗണിച്ചിട്ടുകൂടി ഇല്ലെന്ന് മെസ്സി മറ്റൊരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘‘എനിക്കു മറ്റൊരു യൂറോപ്യൻ ക്ലബിൽനിന്നും ഓഫർ ഉണ്ടായിരുന്നുവെന്നതു ശരിയാണ്, പക്ഷേ ഞാൻ അതു പരിഗണിച്ചിട്ടുകൂടിയില്ല. കാരണം യൂറോപ്പിലാണെങ്കിൽ ബാർസയിൽ കളിക്കാൻ മാത്രമാണു ഞാന്‍ ആലോചിച്ചത്. ലോകകപ്പ് നേടിക്കഴിഞ്ഞു, ബാര്‍സയിലേക്കു തിരികെ പോകാനും സാധിക്കില്ല, ഇനി അമേരിക്കൻ ലീഗിലേക്കു പോകാനുള്ള സമയമാണ്.’’– മെസ്സി വ്യക്തമാക്കി.

യുഎസ് മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമി ക്ലബ്ബിലാണ് മെസ്സി ഇനി കളിക്കുക. യുഎസ് ലീഗ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ള ക്ലബിലേക്കു പോകാൻ മെസ്സി തീരുമാനിക്കുകയായിരുന്നു. സൗദി അറേബ്യൻ ക്ലബ് അൽ– ഹിലാലിൽനിന്നുള്ള വമ്പൻ ഓഫർ നിരസിച്ചാണ് മെസ്സി യുഎസിലേക്കു പോകുന്നത്. ഇന്റർ മയാമി മെസ്സിയുമായി കരാറൊപ്പിട്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.