1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2024

സ്വന്തം ലേഖകൻ: ലോകചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമിന്റെ കേരളത്തിലെ സന്നാഹമത്സരം 2025 ഒക്ടോബര്‍ 25-ന് തുടങ്ങാന്‍ ധാരണയായി. മൂന്നുമത്സരങ്ങളാകും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുക. ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമിനെത്തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് നിലവിലെ ധാരണ. 2022 ലോകകപ്പില്‍ മത്സരിച്ച ടീമുകളെത്തന്നെ സൗഹൃദമത്സരത്തിനായി കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഏതൊക്കെ ടീമുകളാകും എതിരാളിയായിവരുകയെന്ന തീരുമാനമായിട്ടില്ല.

മലപ്പുറം മഞ്ചേരി പയ്യനാട്ട് സംസ്ഥാന സര്‍ക്കാര്‍ പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയത്തിലും മത്സരം നടത്താന്‍ ലക്ഷ്യമിടുന്നുവെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. കേരളത്തിലെ മറ്റ് നഗരങ്ങളില്‍ മത്സരം നടത്താനുള്ള സാധ്യതയും തേടും. സംസ്ഥാനത്തിന് സാമ്പത്തികബാധ്യത ഉണ്ടാകാതെ സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റുമാകും മത്സരം സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞത് 100 കോടി രൂപയോളം ചെലവുവരുമെന്നാണ് കണക്കുകൂട്ടുന്നത്.

മൂന്നുമത്സരങ്ങള്‍ ഉള്‍പ്പെടുന്ന പാക്കേജിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശത്തിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും തുക കണ്ടെത്തും. ഒപ്പം ടിക്കറ്റ് വില്‍പ്പനയിലൂടെയും പ്രാദേശിക സ്പോണ്‍സര്‍ഷിപ്പിലൂടെയും ഫണ്ട് കണ്ടെത്തും. മത്സരത്തിന്റെ നടത്തിപ്പിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി തുടര്‍ചര്‍ച്ച നടത്തും. സംസ്ഥാനസര്‍ക്കാരിന്റെ ഗോള്‍ പരിശീലന പദ്ധതിയുമായി അര്‍ജന്റീനയിലെ സാങ്കേതികവിദഗ്ധരുടെ സഹകരണം ഈ വര്‍ഷം തുടങ്ങും.

മലപ്പുറം മഞ്ചേരി പയ്യനാട്ട് ഫിഫ നിലവാരത്തില്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഒരു വര്‍ഷത്തിനകം പണിയുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഇവിടെ നിലവിലുള്ള സ്റ്റേഡിയം പരിശീലന സ്റ്റേഡിയമാക്കിമാറ്റും. ഇതിനോട് ചേര്‍ന്നാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 75 കോടി മുടക്കി സ്റ്റേഡിയം പണിയുക. ഇതിന്റെ രൂപരേഖ അന്തിമഘട്ടത്തിലാണ്. രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചാല്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങും. പുതിയ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ മത്സരം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.