
സ്വന്തം ലേഖകൻ: വടക്കൻ മെക്സിക്കോയിൽ കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 40 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 28 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രത്തിൽ ഉണ്ടായിരുന്നവർ തന്നെ തീവെച്ചതാണെന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്.
മെക്സിക്കോയിലെ അതിർത്തി നഗരമായ സിയുഡാഡ് ജുവാരസിലാണ് ദാരുണമായ സംഭവം. മെക്‌സിക്കോയിലെ നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിലുള്ള കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടാകുമ്പോൾ 68 പുരുഷന്മാർ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.
കേന്ദ്രത്തിലുണ്ടായിരുന്ന അഭയാർഥികൾ തന്നെയാണ് തീയിട്ടത്. സെല്ലിലെ മെത്തകൾക്കും വസ്തുക്കൾക്കും ഇവർ തീവെക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. മുറിയിൽ പുക നിറയും തീ വ്യാപിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഈ സമയം സെല്ലുകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ യാതൊരു ശ്രമവും നടത്തിയില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
തങ്ങളെ നാട് കടത്തുമെന്ന ഭയം മൂലമാണ് അഭയാർഥികൾ തീവെച്ചതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ മെക്സിക്കോ അറ്റോർണി ജനറലിൻ്റെ ഓഫീസ് അന്വേഷണം ആരംഭിച്ചു. നാട് കടത്തപ്പെടുമോ എന്ന ഭയം മൂലമാണ് കുടിയേറ്റക്കാർ പ്രതിഷേധമെന്ന നിലയിൽ കേന്ദ്രത്തിൽ തീവെച്ചതെന്നാണ് കരുതുന്നതെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു. ആവശ്യ സൗകര്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ആളുകൾ തീവെച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ, വെനസ്വേല, കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മെക്സിക്കൻ അറ്റോർണി ജനറലിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മരിച്ചവരിൽ 28 പേർ ഗ്വാട്ടിമാല പൗരന്മാരാണെന്ന് ഗ്വാട്ടിമാല വിദേശകാര്യ മന്ത്രി മരിയോ ബുക്കാരോ പറഞ്ഞു. പിടികൂടുന്ന കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലാണ് അപകടമുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല