1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2016

സ്വന്തം ലേഖകന്‍: ബ്രസീലിന് പുതിയ പ്രസിഡന്റ്, രാജ്യത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്റായി സ്ഥാനമേറ്റ് മൈക്കല്‍ ടെമര്‍. ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്നും ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രഥമ കാബിനറ്റ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനും മുന്‍ഗണനയുണ്ടാവുമെ ന്നു ടെമര്‍ പറഞ്ഞു. ഭരണമുന്നണിയില്‍ ഭിന്നത അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇംപീച്ചുചെയ്യപ്പെട്ട ഇടതുപക്ഷക്കാരിയായ പ്രസിഡന്റ് ദില്‍മ റുസെഫിന് എട്ടു വര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം വോട്ടിംഗില്‍ പരാജയപ്പെട്ടു.

ബജറ്റ് കണക്കില്‍ തിരിമറി നടത്തിയെന്നാരോപിച്ചാണ് ബ്രസീലിന്റെ പ്രഥമ വനിതാ പ്രസിഡന്റായ ദില്‍മ റുസെഫിനെ കഴിഞ്ഞദിവസം സെനറ്റ് ഇംപീച്ചുചെയ്തത്. 81 അംഗ സെനറ്റില്‍ 61 പേര്‍ ഇംപീച്ചുമെന്റിന് അനുകൂലമായി വോട്ടു ചെയ്തു.

ജനവിധി നേടി അധികാരത്തിലെത്തിയ പ്രസിഡന്റിനെ ഭരിക്കാന്‍ സമ്മതിക്കാതെ പാര്‍ലമെന്ററി അട്ടിമറിയാണ് എതിരാളികള്‍ നടത്തിയിരിക്കുന്നതെന്നു ദില്‍മ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. കുറ്റമൊനും ചെയ്യാത്ത നിരപരാധിയായ തന്നെ തത്പരകക്ഷികള്‍ വേട്ടയാടുകയായിരുന്നു. രാഷ്ട്രീയത്തില്‍ ശക്തിയോടെ തിരിച്ചുവരുമെന്നും ദില്‍മ പറഞ്ഞു.

മുന്‍ മാര്‍ക്‌സിസ്റ്റ് ഗറിലയായ ദില്‍മയുടെ പതനത്തോടെ ബ്രസീലില്‍ ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 13 വര്‍ഷത്തെ ഭരണത്തിനും അന്ത്യമായി.ദില്‍മയെ പുറത്താക്കിയതിനു പിന്നാലെ അവരുടെ മുന്‍ വൈസ് പ്രസിഡന്റും ഇടക്കാല ഭരണാധികാരിയുമായ മൈക്കല്‍ ടെമര്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ടെമറിന് 2018വരെ അധികാരത്തില്‍ തുടരാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.