1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2023

സ്വന്തം ലേഖകൻ: കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് യാത്ര തിരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് അറുപതിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സെനഗലില്‍ നിന്ന് യൂറോപ്പിലേയ്ക്ക് കുടിയേറ്റക്കാരുമായ പോയ ബോട്ട് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്ത് വച്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ദുരന്തവാര്‍ത്ത പുറത്തറിഞ്ഞത്. ബോട്ടില്‍ നിന്നും കുട്ടികളുള്‍പ്പെടെ 38 പേരെ രക്ഷപ്പെടുത്തി. കേപ് വെര്‍ഡെ ദ്വീപിന്റെ ഭാഗമായ സാലില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ (200 മൈല്‍) അകലെ ഒരു സ്പാനിഷ് മത്സ്യബന്ധന ബോട്ടാണ് ഇവരെ കണ്ടെത്തിയത്.

ജൂലൈ 10ന് സെനഗല്‍ മത്സ്യബന്ധന ഗ്രാമമായ ഫാസ് ബോയിയില്‍ നിന്ന് 101 പേരുമായാണ് ബോട്ട് പുറപ്പെട്ടത്. യൂറോപ്പിലേയ്ക്ക് യാത്ര തിരിച്ച ഇവരുടെ ബോട്ട് മുങ്ങിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ 38 പേരില്‍ 12 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളുണ്ടായിരുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) വക്താവ് പറഞ്ഞു.

ബോട്ടില്‍ നിന്ന് രക്ഷപ്പെട്ടുത്തിആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴ് പേരുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാലിലെ ആരോഗ്യ ഉദ്യോഗസ്ഥന്‍ ജോസ് മൊറേറ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക പേരും സെനഗലില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സെനഗല്‍ കൂടാതെ സിയറ ലിയോണ്‍, ഗിനിയ-ബിസാവു എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ബോട്ടില്‍ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തിന് സമീപത്തുള്ള അറ്റ്‌ലാന്റിക് ദ്വീപസമൂഹമാണ് കേപ് വെര്‍ഡെ. യൂറോപ്യന്‍ യൂണിയനിന്റെ ഭാഗമായ സ്പാനിഷ് കാനറി ദ്വീകലളിലേക്കുള്ള സമുദ്രത്തിലൂടെയുള്ള കുടിയേറ്റ പാതയിലാണ് കേപ് വെര്‍ഡെ സ്ഥിതി ചെയ്യുന്നത്. പ്രതിവര്‍ഷം ആയിരകണക്കിന് ആഫ്രിക്കന്‍ പൗരന്മാരാണ് മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് ഈ ദുര്‍ഘടമായ പാതയിലൂടെ യാത്ര ചെയ്യുന്നത്.

കളളക്കടത്തുക്കാര്‍ നല്‍കുന്ന ചെറിയ ബോട്ടുകളിലോ അല്ലെങ്കില്‍ മോട്ടര്‍ ഘടിപ്പിച്ച തോണികളിലോ ആണ് ഇവര്‍ പലപ്പോഴും യാത്ര ചെയ്യുന്നത്. ഇതിനായി കളളക്കടത്തുക്കാര്‍ക്ക് യാത്രക്കാർ ഒരു തുക ഫീസ് ആയി നല്‍കേണ്ടതായുണ്ട്.

കുടിയേറ്റത്തിനുള്ള സുരക്ഷിതമായ മാര്‍ഗങ്ങള്‍ കുറഞ്ഞ് വരികയാണ്, ഈ മാര്‍ഗങ്ങളുടെ അഭാവം കള്ളക്കടത്തുകാരെ ഈ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നതിനുള്ള അവസരം നല്‍കുന്നുവെന്ന് ഐഒഎം വക്താവ് സഫ മെഹ്ലി പറഞ്ഞു. കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്നതിന് കുടിയേറ്റത്തിനെതിരെ ആഗോള നടപടി സ്വീകരിക്കണമെന്ന് കേപ് വെര്‍ഡെ അധികൃതരും ആവശ്യപ്പെട്ടു.

പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേയ്ക്ക് കുടിയേറുന്നവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാൽ 2020 നും 2023 നും ഇടയില്‍ കുറഞ്ഞത് 67,000 പേര്‍ കാനറി ദ്വീപുകളില്‍ എത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഇതേ കാലയളവില്‍ കുടിയേറ്റത്തിന് ശ്രമിച്ചവരിൽ 2,500 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത മരണങ്ങളിൽ ഈ കണക്കുകളും ഉള്‍പ്പെടുന്നുതായി ഐഒഎം ചൂണ്ടിക്കാണിക്കുന്നു. ഈ സുമദ്ര പാതയുടെ ക്രമരഹിതവും രഹസ്യാത്മകവുമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, യഥാര്‍ത്ഥ കണക്ക് വളരെ ഉയര്‍ന്നതാകാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.