1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2015

കുടിയേറ്റക്കാരെ ജയിലില്‍ അടക്കുന്നതിരെ എംപിമാരുടെ സംഘം രംഗത്തെത്തി. മതിയായ രേഖകളില്ലാതെ യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ നാലു വര്‍ഷം വരെ ബ്രിട്ടീഷ് ജയിലുകളില്‍ കഴിയേണ്ടി വരുന്നുണ്ട്. നിരപരാധികളായ ഒരുപാടു പേര്‍ ഇപ്രകാരം ജയിലുകളില്‍ കുടുങ്ങി കിടക്കുന്നതായി എംപിമാര്‍ ചൂണ്ടിക്കാട്ടി. ഇത് തീര്‍ത്തും അനീതിയും അധിക ചെലവും അപ്രായോഗികവും ആണെന്നും എംപിമാര്‍ ആരോപിച്ചു.

പരമാവധി 28 ദിവസം മാത്രമേ കുടിയേറ്റക്കാരെ ജയിലില്‍ താമസിപ്പിക്കാവൂ എന്നും അതും അവസാന പോംവഴി എന്ന രീതിയില്‍ വേണമെന്നും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ അംഗങ്ങളായ ഒരു പാര്‍ലിമെന്റ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള സംവിധാനം ജയില്‍ വാസം അനുഭവിക്കുന്ന വ്യക്തിക്ക് ഏറെ മാനസിക വ്യഥയുണ്ടാക്കുന്നതും നികുതിദായകര്‍ക്ക് അധിക ബാധ്യതയുമാണ്.

ജയിലിലാകുന്ന കുടിയേറ്റക്കാര്‍ക്ക് ഒരു പരമാവധി ജയില്‍ കാലാവധി നിഷ്‌കര്‍ഷിക്കാത്ത യൂറോപ്പിലെ ഒരേയൊരു രാജ്യമാണ് യുകെ. ജയിലുകളില്‍ വര്‍ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്ന ചില കുടിയേറ്റക്കാരുടെ അനുഭവങ്ങള്‍ തങ്ങളെ ഞെട്ടിച്ചുവെന്ന് എംപിമാരുടെ പാനല്‍ പറഞ്ഞു. അനന്തമായ നീളുന്ന ജയില്‍ വാസം അനുഭവിക്കേണ്ടി വരുന്ന കുടിയേറ്റക്കാരുടെ ആരോഗ്യം അപകടത്തിലാണെന്ന് പാനല്‍ മുന്നറിയിപ്പ് നല്‍കി.

ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററുകളില്‍ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പാനല്‍ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ദീര്‍ഘകാലം ജയില്‍ വാസം അനുഭവിക്കുന്ന കുടിയേറ്റക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും പാനല്‍ തയ്യാറായി. കുടിയേറ്റക്കാര്‍ പങ്കുവച്ചത് അസുഖം വന്നാല്‍ കൈവിലങ്ങണിയിച്ചുള്ള ആശുപത്രി വാസവും ബലാത്സംഗങ്ങളും ആത്മഹത്യാ ശ്രമങ്ങളും ഉള്‍പ്പടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ്.

തെരഞ്ഞെടുപ്പിനു ശേഷം അധികാരം ഏറ്റെടുക്കുന്ന പുതിയ സര്‍ക്കാര്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്ന് പാനല്‍ അംഗങ്ങള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.