
സ്വന്തം ലേഖകൻ: യുഎസിൽ പൊലീസുകാരൻ കഴുത്തിൽ മുട്ടുകാലമർത്തി കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിൻെറ കുടുംബത്തിന് 27 മില്യൺ ഡോളർ (ഏകദേശം 300 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകും. മിനിയപൊളിസ് ഭരണകൂടം, പൊലീസ് വകുപ്പ് എന്നിവർക്കെതിരെ ജോർജ് ഫ്ലോയിഡിൻെറ കുടുംബം നൽകിയ സിവിൽ കേസ് ഒത്തുതീർപ്പായതോടെയാണ് തുക ലഭിക്കുക.
ഇക്കാര്യം അറിയിച്ച് നടന്ന പത്രസമ്മേളനത്തിൽ, കറുത്ത വർഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോർണിമാർ പറഞ്ഞു. സഹോദരനെ വീണ്ടും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒത്തുതീർപ്പ് സംഖ്യ തിരിച്ചു നൽകുമായിരുന്നെന്ന് സഹോദരൻ പ്രതികരിച്ചു. ജോർജ് ഫ്ലോയിഡിൻെറ പേരിൽ ഫൗണ്ടേഷൻ ആരംഭിക്കുമെന്ന് സഹോദരി വ്യക്തമാക്കി.
അതേസമയം, മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ കേസിൽ വിചാരണ തുടരുകയാണ്. കഴുത്ത് ഞെരിച്ച ഡെറക് ചോവിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. പലചരക്കു കടയിലെ തട്ടിപ്പ് അന്വേഷിക്കാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ട ജോര്‍ജ് ഫ്ലോയ്ഡിനെ മര്‍ദിച്ചത്. ശ്വാസം മുട്ടുന്നതായി ജോര്‍ജ് നിലവിളിച്ചിട്ടുപോലും പൊലീസുകാരന്‍ കാല്‍മുട്ട് മാറ്റിയില്ല.
സംഭവത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ #icantbreathe #JusticeForFloyd #BlackLivesMatters #GeorgeFloyd എന്നീ ഹാഷ്‌ടാഗുകൾ തീക്കാറ്റായി പടർന്നു കയറി. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി. മിനിയപൊളിസിലും സമീപ പ്രദേശങ്ങളിലും നൂറുകണക്കിനാളുകൾ പ്രതിഷേധിച്ചു. കാലിഫോർണിയയിൽ ഉൾപ്പെടെ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചതോടെ പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകൊണ്ട് വെടിവച്ചുമാണ് പ്രതിഷേധക്കാരെ നേരിട്ടത്.
കൊലപാതകിയായ പൊലീസുകാരൻ്റെ വീടിനുമുന്നിൽ “കൊലപാതകി ഇവിടെ ജീവിക്കുന്നു” എന്ന് പ്രക്ഷോഭകാരികൾ എഴുതിവച്ചു. കൊലപാതികളെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ജഡ്‌ജിയുടെ വീടിന് മുന്നിലും പ്രതിഷേധം നടന്നിരിക്കുന്നു. മിനിപ്പോളിസിനൊപ്പം ന്യൂയോർക്കിലും ഫ്ലോറിഡയിലും മാൻഹാട്ടണിലും ഫോണ്ടാനയിലും ഡൗൺടൗണിലും ഡെൻവറിലുമെല്ലാം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത് ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല