1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2021

സ്വന്തം ലേഖകൻ: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്.

സ്‌നാച്ചില്‍ 84 കിലോയും പിന്നീട് 87 കിലോയും ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോയും പിന്നീട് 115 കിലോയും ഉയര്‍ത്തിയാണ് വെള്ളി ഉറപ്പിച്ചത്. ഈ വിഭാഗത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു. 2000 സിഡ്​നി ഒളിമ്പിക്​സിൽ 69 കിലോ വിഭാഗത്തിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. 2014 കോമൺവെൽത്ത്​ ഗെയിംസിൽ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമൺവെൽത്ത്​ ഗെയിംസിലും സ്വർണം നേടിയിരുന്നു. കഴ​ിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കി.

ഒളിമ്പിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു. ദീപിക കുമാരി പ്രവീൺ ജാഥവ് സഖ്യം ചൈനീസ് തായ്പെയെ തോൽപ്പിച്ചാണ് ക്വാർട്ടറിൽ കടന്നത്. അതേസമയം 10 മീറ്റർ വനിതാ എയർ റൈഫിളിൽ ഇന്ത്യൻ താരങ്ങൾ ഫൈനൽ കാണാതെ പുറത്തായി. ഏഴ് വിഭാഗങ്ങളിലായി 11 ഫൈനലുകളാണ് ഇന്ന് നടക്കുന്നത്. അതിനിടെ ആദ്യ സ്വർണം വെടിവെച്ചിട്ട് ചൈന. പത്ത് മീറ്റർ എയർ റൈഫിളിൽ യാങ് കിയാനാണ് റെക്കോഡോടെ സ്വര്‍ണം നേടിയത്. റഷ്യൻ ഷൂട്ടർ അനസ്താസിയ ഗലാഷിനക്കാണ് വെള്ളി. സ്വിറ്റ്സര്‍ലാന്‍ഡിന്‍റെ നിന ക്രിസ്റ്റീന്‍ വെങ്കലവും നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.