1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2021

സ്വന്തം ലേഖകൻ: ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യു.എ.ഇയുമായി സംസാരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. 2018ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ തടവിലാക്കിയിരിക്കുകയാണ് എന്ന് ലത്തീഫ പറഞ്ഞതിന് പിന്നാലെയാണ് വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ബിബിസിക്ക് നല്‍കിയ രഹസ്യ വിഡീയോ സന്ദേശത്തിലാണ് ലത്തീഫ താന്‍ തടവിലാണെന്നും ജീവനില്‍ ഭീഷണിയുണ്ടെന്നും പറഞ്ഞത്. ലത്തീഫയുടെ വീഡിയോ സന്ദേശത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്ന് യു.കെ പറഞ്ഞിരുന്നു. ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്.

ലത്തീഫ വീട്ടുതടങ്കലിലായ ശേഷം രഹസ്യമായി അവര്‍ക്ക് നല്‍കിയ ഫോണിലാണ് സന്ദേശം റെക്കോഡ് ചെയ്തത്. വീട്ടില്‍ ബാത്ത്‌റൂമിനുള്ളില്‍ മാത്രമേ വാതിലടക്കാന്‍ സാധിക്കൂ എന്നതുകൊണ്ടു തന്നെ അവിടെ വെച്ചാണ് ലത്തീഫ വീഡിയോ ഷൂട്ട് ചെയ്തത്.

വീഡിയോയില്‍ ലത്തീഫ പറയുന്ന പ്രധാന കാര്യങ്ങൾ:

ദുബായില്‍ നിന്ന് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ സൈന്യമാണ് പിടിച്ചുകൊണ്ടു വന്നത്.

തന്നെ മയക്കി കിടത്തിയ ശേഷമാണ് സ്വകാര്യ ജെറ്റില്‍ വീട്ടിലേക്ക് കൊണ്ടുപോയത്. ദുബായില്‍ ഇറങ്ങുന്നത് വരെ തനിക്ക് ബോധം വന്നിരുന്നില്ല.

കനത്ത പൊലീസ് കാവലായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. വീടിന്റെ ജനലും വാതിലും അടച്ചുപൂട്ടിയിട്ടു. വൈദ്യ സഹായമോ നിയമപരമായ സഹായമോ ലഭിച്ചില്ല. തന്റെ അടുത്ത സുഹൃത്തിനോടാണ് ലത്തീഫ തടവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

കുടുംബത്തിന്റെ പീഡനങ്ങളെ തുടര്‍ന്ന് ബോട്ടില്‍ ദുബായില്‍ നിന്ന് രക്ഷപ്പെട്ട ലത്തീഫ ഇന്ത്യയിലെത്തി യു.എസിലേക്ക് പോകാന്‍ ശ്രമിക്കവെ മുംബൈ തീരത്ത് വെച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി ദുബായ് ഗവണ്‍മെന്റിനെ ഏല്‍പ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.