1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2023

സ്വന്തം ലേഖകൻ: 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മിസോറാം ഇനി പുതിയ പാര്‍ട്ടി ഭരിക്കും. എംഎന്‍എഫും കോണ്‍ഗ്രസും മാറി മാറി അധികാരത്തിലിരുന്ന മിസോറാം സെഡ്പിഎം ഭരിക്കും. 27 സീറ്റെന്ന വന്‍ ഭൂരിപക്ഷത്തിലാണ് സെഡ്എന്‍പി മിസോറാമിന്റെ അധികാരചക്രം തിരിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം എംഎന്‍എഫ് 26 സീറ്റായിരുന്നു നേടിയത്. എന്നാല്‍ ഇത്തവണ 10 സീറ്റ് മാത്രമേ എംഎന്‍എഫിന് നേടാന്‍ സാധിച്ചുള്ളു. 2018ല്‍ അഞ്ച് സീറ്റ് നേടിയ കോണ്‍ഗ്രസാകട്ടെ ഇത്തവണ ഒന്നിലൊതുങ്ങേണ്ടി വന്നു. ബിജെപി രണ്ട് എന്ന സംഖ്യയിലേക്ക് സീറ്റ് ഉയര്‍ത്തിയിട്ടുണ്ട്.

നേരത്തെ എക്‌സിറ്റ് പോളുകള്‍ പ്രഖ്യാപിച്ച തൂക്കുസഭയെന്ന പ്രവചനത്തെ തള്ളി ഒറ്റയ്ക്ക് സര്‍ക്കാര്‍ നേടാനുള്ള സീറ്റുകളാണിപ്പോള്‍ സെഡ്പിഎം നേടിയത്. സെഡ്പിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ലാല്‍ദുഹോമ സെര്‍ച്ചിപ്പ് മണ്ഡത്തില്‍ വിജയിച്ചു. 2982 വോട്ടുകള്‍ക്കാണ് എംഎന്‍എഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ജെ മല്‍സോംസുവാല വാന്‍ചൗങ്ങിനെ പിന്നിലാക്കിയാണ് ലാല്‍ദുഹോമ വിജയിച്ചത്.

സെഡ്പിഎമ്മിന്റെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായിരുന്ന ജെജെ ലാല്‍പെഖ്‌ലുവയും യുവാക്കളെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തും. കഴിഞ്ഞ നിയമസഭയില്‍ ഒരു സീറ്റ് പോലും വനിതകള്‍ക്ക് ലഭിച്ചില്ലെന്ന അപവാദവും ഇത്തവണ ഇല്ലാതാകും. ഐസ്വാള്‍ സൗത്ത് മൂന്ന് സീറ്റില്‍ സെഡ്പിഎമ്മിന്റെ ബാരില്‍ വന്നേയ്‌സങിയാണ് മിസോറാം നിയമസഭയിലേക്ക് പോകുന്ന അഞ്ചാമത്തെ വനിതയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ എംഎന്‍എഫിന്റെ മുഖ്യമന്ത്രി അടക്കം മിസോറാമില്‍ തോറ്റു. ഐസ്വാള്‍ ഈസ്റ്റ് മണ്ഡലത്തില്‍ സെഡ്പിഎമ്മിന്റെ ലാല്‍തന്‍സങയോട് 2101 വോട്ടുകള്‍ക്കാണ് സോറംതങ തോറ്റത്. കൂടാതെ ഉപമുഖ്യമന്ത്രി തവന്‍ലൂയ ആരോഗ്യ മന്ത്രി ആര്‍ ലാല്‍താംഗ്ലിയാന, മന്ത്രി ലാല്‍റുത്കിമ തുടങ്ങിയവരും സെഡ്പിഎമ്മിന് മുന്നില്‍ അടിയറവ് പറഞ്ഞു. മിസോറാമില്‍ കഴിഞ്ഞ വര്‍ഷം അക്കൗണ്ട് തുറന്ന ബിജെപി ഇത്തവണ രണ്ട് സീറ്റുകള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസാകട്ടെ 5 സീറ്റില്‍ നിന്നും ഒന്നിലേക്ക് അപചയിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.