1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2020

സ്വന്തം ലേഖകൻ: യുഎസിലെ ആദ്യത്തെ കൊവിഡ് 19 വാക്സീൻ വിതരണം ചെയ്യുന്നതിനുള്ള ഓട്ടം ഇപ്പോൾ ഏതാണ്ട് മത്സരമായി മാറിയിരിക്കുകയാണ്. മാസച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ ഡ്രഗ് കമ്പനിയായ മോഡേണയുടെ അവസാനഘട്ട വാക്സീൻ ട്രയലിൽ നിന്നുള്ള ആദ്യകാല ഡാറ്റ 94% ഫലപ്രാപ്തി കാണിക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ് കൂട്ടയോട്ടം തുടങ്ങിയത്.

തൊട്ടുപിന്നാലെ വാക്സീൻ നിർമ്മാതാക്കളായ ഫൈസർ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം പ്രാഥമിക സുരക്ഷയും കാര്യക്ഷമതയും തെളിയിച്ചതായി പ്രഖ്യാപിച്ചു. രണ്ട് ഡോസ് വീതം വാക്സീൻ ഉപയോഗിച്ചാൽ അതു 95% കൊവിഡ് അണുക്കളെയും തടയുമെന്നാണ് ഫൈസറിന്റെ അവകാശവാദം. ക്ലിനിക്കൽ ട്രയൽ നടത്തിയ ഫൈസറും പങ്കാളിയായ ജർമ്മൻ കമ്പനി ബയോടെക്കും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അടുത്ത ദിവസങ്ങളിൽ അടിയന്തര ഉപയോഗ അംഗീകാരത്തിനായി ഇത് ഫയൽ ചെയ്യും.

വൈകാതെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ക്രിസ്മസിനു മുൻപ് തന്നെ ഇത് വിതരണത്തിനു തയാറാകും. ന്യൂജഴ്സിയിലെയും ന്യൂയോർക്കിലെയും പ്രമുഖ ആശുപത്രികളിൽ ഇത് ഡിസംബർ പകുതിയോടെ എത്തുമെന്ന് സൂചനയുണ്ട്. ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്ന് യുകെ ആസ്ഥാനമായുള്ള അസ്ട്രസെനെക്ക ഡാറ്റ ഈ ആഴ്ച അവസാനം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡേണയുടെ വാക്സീന് 25 മുതൽ 37 ഡോളർ വരെ ഒരു ഡോസിനു വില വരുമെന്നാണ് സൂചന. ഇത് യൂറോപ്പിലും വിതരണം ചെയ്തേക്കും. അമേരിക്കയിൽ അംഗീകാരം ലഭിച്ചാൽ ഫൈസറിനൊപ്പം തന്നെ മോഡേണയും ഡിസംബർ പകുതിയോടെ വിതരണത്തിനു തയാറെടുക്കും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്തയാഴ്ചയോടെ വരുമെന്നാണു സൂചന.

എന്നാൽ ഇവരാരും തന്നെ ക്ലിനിക്കൽ ഡേറ്റ ഇപ്പോൾ പൊതുജനങ്ങൾക്ക് സ്വീകരിക്കാൻ തക്കവിധം പ്രസിദ്ധീകരിച്ചിട്ടില്ല. എന്ന് എപ്പോൾ വാക്സീൻ എന്നതു സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുകയാണ്. അതേസമയം വാക്​സിൻെറ സുരക്ഷയെ കുറിച്ച്​ ആശങ്കയുയർന്ന സാഹചര്യത്തിൽ ​ഓക്​സ്​ഫഡ്​ കോവിഡ്​ വാക്​സിൻെറ പുതിയ പരീക്ഷണം നടത്തും. ഓക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റിയുമായി ചേർന്ന്​ കോവിഡ്​ വാക്​സിൻ നിർമിക്കുന്ന ആസ്​ട്ര സെനക സി.ഇ.ഒയാണ്​ ഇക്കാര്യം അറിയിച്ചത്​.

വാക്​സി​ൻ കുറച്ചു കൂടി മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന്​ സി.ഇ.ഒ പാസ്​കൽ സോറിയറ്റ്​ പറഞ്ഞു. കൂടുതൽ രാജ്യങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തുമെന്ന സൂചനയും ആസ്​ട്ര സെനക സി.ഇ.ഒ നൽകി. വിവിധ രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ വാക്​സിന്​ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, ഇന്ത്യയിൽ ഓക്​സ്​ഫോഡ്​ കോവിഡ്​ വാക്​സിൻെറ പരീക്ഷണം നടത്തുന്ന സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിലവിലെ സംഭവവികാസങ്ങളിൽ ആശങ്ക​പെടേണ്ട സാഹചര്യമില്ലെന്ന്​ പ്രതികരിച്ചു. ഇന്ത്യയിലെ വാക്​സിൻ പരീക്ഷണം സുരക്ഷിതമായാണ്​ മുന്നോട്ട്​ പോകുന്നത്​. വാക്​സിൻെറ അളവിനും ആളുകളുടെ പ്രായത്തിനും അനുസരിച്ച്​ കാര്യക്ഷമതയിൽ മാറ്റം വരുമെന്ന്​ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.