1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2021

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ നടത്തിയ വെർച്വൽ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണ. ഇന്ത്യ – യുകെ വ്യാപാര ബന്ധം വർധിപ്പിക്കാൻ 10 വർഷത്തെ റോഡ് മാപ്പ് ഇരു നേതാക്കളും ചേർന്ന് പുറത്തിറക്കി. സ്വതന്ത്ര വ്യാപാര കരാറിനെ ആദ്യ പടിയെന്ന് പറയാവുന്ന ഒരു വ്യാപാര പങ്കാളിത്ത ഉടമ്പടി (ഇടിപി) മോദിയും ജോൺസണും ചർച്ചയ്ക്കിടെ ഔദ്യോഗികമായി ഒപ്പുവെക്കാനും ധാരണയായി.

ഒരു ബില്യൺ പൗണ്ടിന്റെ പുതിയ വ്യാപാര, നിക്ഷേപ ഇടപാടുകളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് 533 മില്യൺ പൗണ്ടിന്റെ പുതിയ നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നു, ഇത് യുകെയിൽ പുതുതായി 6,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഭാവിയിലെ യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന് പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

ഈ കരാറിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ട് നിക്ഷേപം ഉൾപ്പെടുന്നു. ഇത് ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിനുകൾ നിർമ്മിക്കൽ എന്നിവയെ സഹായിക്കും. കോഡജെനിക്സുമായി സഹകരിച്ച് കൊറോണ വൈറസിനുള്ള ഒരു ഡോസ് നാസൽ വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ സീറം ഇൻസ്റ്റിറ്യൂട്ട് യുകെയിൽ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ ആരോഗ്യ, സാങ്കേതിക സ്ഥാപനങ്ങളായ ഇൻഫോസിസ്, എച്ച്സി‌എൽ ടെക്നോളജീസ്, എംഫാസിസ് എന്നിവ യുകെയിൽ ഏതാണ്ട് 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ക്യൂ-റിച്ച് ക്രിയേഷൻസിൽ 667 തൊഴിലവസരങ്ങളും വിപ്രോയിൽ 500 ജോലികളും 12 അഗ്രോയിൽ 465 തൊഴിൽ അവസരങ്ങളും ഇതിലുൾപ്പെടുന്നു.

ഇന്ന് പ്രഖ്യാപിച്ച 6,500ലധികം തൊഴിലവസരങ്ങൾ കുടുംബങ്ങളെയും സമൂഹത്തേയും കൊറോണ വൈറസ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് തിരികെ കൊണ്ടുവരാനും ബ്രിട്ടീഷ്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം നിലവിൽ പ്രതിവർഷം 23 ബില്യൺ പൗണ്ടാണ്. അരലക്ഷത്തിലധികം പേർക്ക് ഈ ഇടപാടുകൾ തൊഴിൽ നൽകുന്നു.

അടുത്ത ദശകത്തിൽ, ഇന്ന് ഒപ്പുവച്ച പുതിയ പങ്കാളിത്തത്തിന്റെയും സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറിന്റെയും സഹായത്തോടെ, ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിന്റെ മൂല്യം ഇരട്ടിയാക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യുമെന്നും യുകെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.