സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാമതും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശിക്കുന്നത് മാലിദ്വീപെന്ന് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരികളുടെ പറുദീസയായ മാലിദ്വീപ് അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ്.പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ട്വീറ്റ് ചെയ്തത്.
ജൂണ്‍ പകുതിയോടെയാവും മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് മോദി മാലിദ്വീപില്‍ എത്തുന്നത്. കഴിഞ്ഞ നവംബറില്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി മാലദ്വീപിലെത്തിയിരുന്നു. ഇതിനുപിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ തവണ 2014 മേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദി ജൂണ്‍ 15നാണ് വിദേശയാത്രയ്ക്ക് തുടക്കമിട്ടത്. പിന്നീട് അതൊരു പതിവായി. ഒടുവില്‍ നാലര വര്‍ഷത്തിനിടയില്‍ മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങളാണ്.പ്രധാനമന്ത്രിയുടെ വിദേശ യാത്രയ്ക്ക് മാത്രമായി ചെലവായത് 2000 കോടിയാണ്. ഇതില്‍ എയര്‍ ഇന്ത്യയുടെ വിമാനം സര്‍വീസ് നടത്താന്‍ മാത്രം ചെലവിട്ടത് 1,583 കോടി രൂപയും ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ക്കായി 429.28 കോടിയും ഹോട്ട് ലൈനായി 9.12കോടി രൂപയും ചെലവഴിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല