സ്വന്തം ലേഖകൻ: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാൻനിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി കർഷകർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് യോഗം ഉടൻ ചേരുമെന്നാണ് വിവരം. പാർലമെന്റ് സമ്മേളനം വിളിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് ക്യാബിനറ്റ് ഔദ്യോഗികമായി അഭ്യർഥിച്ചേക്കും. 72 അംഗ കേന്ദ്രമന്ത്രിസഭ ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്തിരുന്നു. 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.
മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. 70-ാമനായി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പി.യുടെ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണയാണ് തൃശ്ശൂർ മണ്ഡലത്തിലെത്തിയത്. മോദി മുഖ്യാതിഥിയായെത്തിയ വനിതാസമ്മേളനം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം തന്നെയായി. 14 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വീണ്ടുമെത്തിയത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ്. മോദിയുമായുള്ള അടുപ്പം കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിതുറക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതോടെ തൃശ്ശൂരിനൊരു കേന്ദ്രമന്ത്രിയെന്ന പ്രചാരണവാക്യം കത്തിപ്പടർന്നു.
മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോര്‍ജ് കുര്യന്റെ പദവി. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് നിര്‍ണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ സമാനമായ രീതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി പരീക്ഷണം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല