1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2023

സ്വന്തം ലേഖകൻ: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ രണ്ടാംഘട്ട ചടങ്ങുകള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. പ്രധാനമന്ത്രി എത്തിച്ചേര്‍ന്ന ശേഷം ദേശീയ ഗാനാലാപനത്തോടെയായിരുന്നു പാര്‍ലമെന്റില്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. പുതിയ പാര്‍ലമെന്റിനെക്കുറിച്ചുള്ള ഹ്രസ്വ ചിത്രവും ചടങ്ങിനിടെ പ്രദര്‍ശിപ്പിച്ചു.

ഹര്‍ഷാരവത്തോടെയും മോദി, മോദി മുദ്രാവാക്യം വിളികളോടെയുമാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റിനുള്ളിലേക്ക് പ്രധാനമന്ത്രിയെ വരവേറ്റത്. വി.ഡി സവര്‍ക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് മോദി ലോക്‌സഭയിലേക്ക് പ്രവേശിച്ചത്. പാര്‍ലമെന്റ് അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിനെത്തിയിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പുതിയ ആധുനിക രീതിയിലുള്ള പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പുതിയ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ സന്ദേശവും അദ്ദേഹം സഭയില്‍ വായിച്ചു. പാര്‍ലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കുന്നത്‌.

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട ചടങ്ങുകള്‍ രാവിലെ നടന്നിരുന്നു. രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് നടന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്സഭാസ്പീക്കറുടെ ഇരിപ്പിടത്തിനുസമീപം സ്ഥാപിച്ചു.

പൂജാ ചടങ്ങുകളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചെങ്കോല്‍ സ്ഥാപിക്കല്‍ ചടങ്ങ് നടന്നത്. തുടര്‍ന്ന് പ്രധാനമന്ത്രി നിലവിളക്ക് തെളിയിക്കുകയും ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.