1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2017

സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ക്കു പിന്നാലെ മോദി ചൈനയിലേക്ക്. ചൈനയിലെ സിയാമെനില്‍ നടക്കുന്ന ഒന്‍പതാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മോദിയുടെ ചൈനീസ് യാത്ര. സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ചുവരെയാണ് ബ്രിക്‌സ് ഉച്ചകോടിയെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മോദി അടുത്ത ഞായറാഴ്ച ചൈനയിലേക്കു തിരിക്കും.

ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വിരാമമിട്ടു ദൊക്ലാമില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചതിനു പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദര്‍ശനം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ നിലപാട് എടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. ദോക്ലാമില്‍ നിന്ന് ചൈന റോഡ് നിര്‍മ്മാണ യന്ത്രങ്ങള്‍ പൂര്‍ണ്ണമായും മാറ്റിയ ശേഷമാണ് മോദിയുടെ സന്ദര്‍ശനം സംബന്ധിച്ച് ഇന്ത്യയുടെ പ്രഖ്യാപനം ഉണ്ടായത്.

സിയാമെന്നില്‍ നടക്കുന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റുമായി മോദി പ്രത്യേക ചര്‍ച്ച നടത്തിയേക്കും. ദോക്ലാമില്‍ ചൈനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യ തടഞ്ഞതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ധാരണയുടെ അടിസ്ഥാനത്തില്‍ ഇരു രാജ്യത്തിന്റെയും സേനകള്‍ കഴിഞ്ഞ ദിവസം പിന്‍മാറി. പട്രോളിംഗിന് ആവശ്യമായ സൈനികരേ ഇവിടെ തുടരൂ എന്ന് ചൈന വ്യക്തമാക്കി.

ദോക്ലാമില്‍ നിന്ന് പിന്‍മാറിയ ഇന്ത്യന്‍ സൈനികര്‍ ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ കഴിയുന്ന അകലത്തിലാവും തമ്പടിക്കുകയെന്നാണ് പ്രതിരോധ വ്യത്തങ്ങള്‍ നല്കുന്ന വിവരം. അതിനാല്‍ ഉലഞ്ഞിരിക്കുന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നടപടി മോദിയുടെ സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചൈനയില്‍നിന്ന് മ്യാന്‍മര്‍ പ്രസിഡന്റ് യു തിന്‍ ക്യാവിനെ സന്ദര്‍ശിക്കാന്‍ മോദി യാത്ര തിരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.