സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന ബന്ധം ഊഷ്മളമാക്കി മോദി, ഷി ചിന്‍പിങ്ങ് കൂടിക്കാഴ്ച; ബ്രഹ്മപുത്ര നദീജല കരാര്‍ ഒപ്പുവെച്ചു; ഷി ചിന്‍പിങ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്!സിഒ) ഉച്ചകോടിക്കിടയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഒന്നര മാസം മുന്‍പു വുഹാനില്‍ ഇരുനേതാക്കളും രണ്ടുദിവസം നീണ്ട അനൗപചാരിക സൗഹൃദ സമ്മേളനം നടത്തിയിരുന്നു. വുഹാന്റെ തുടര്‍ച്ചയാണു ക്വിങ്ദാവോയിലുണ്ടായതെന്നു മോദി പറഞ്ഞു.
വുഹാനില്‍ ധാരണയിലെത്തിയ കാര്യങ്ങളുടെ പുരോഗതി ഇരുവരും വിലയിരുത്തി. ദോക് ലായിലെ സംഘര്‍ഷം മൂലം നഷ്ടപ്പെട്ട പരസ്പര വിശ്വാസം വീണ്ടെടുക്കുക എന്നതായിരുന്നു വുഹാന്‍ ഉച്ചകോടിയിലെ പ്രധാന തീരുമാനം. ചൈനയിലൂടെയും ഒഴുകി ഇന്ത്യയിലെത്തുന്ന ബ്രഹ്മപുത്ര നദിയിലെ ജലത്തിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള കരാര്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു.
ഇന്ത്യയില്‍നിന്നു ചൈനയിലേക്കു ബസുമതി അല്ലാത്ത അരിയും കയറ്റുമതി ചെയ്യുന്നതിനു ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനുള്ള കരാറും ഒപ്പിട്ടു. പ്രധാനമന്ത്രി മോദിയുടെ ക്ഷണമനുസരിച്ച് ഷി ചിന്‍പിങ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. അനൗപചാരിക ചര്‍ച്ചകള്‍ക്കായാണു ക്ഷണമെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. വുഹാനില്‍ മോദിയും ചിന്‍പിങ്ങും തമ്മില്‍ നടത്തിയ അനൗപചാരിക ചര്‍ച്ചയുടെ മാതൃകയിലായിരിക്കും ഇന്ത്യയിലെയും കൂടിക്കാഴ്ച. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല