1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2017

സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി റഷ്യയില്‍, അഞ്ചു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു, ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്തെന്ന് പുടിന്‍. കൂടംകുളം ആണവനിലയത്തിലെ അവസാന രണ്ടു യൂണിറ്റുകളുടെ നിര്‍മാണത്തില്‍ പങ്കാളിത്തം ഉള്‍പ്പെടെ അഞ്ചു കരാറുകളില്‍ ഒപ്പുവച്ചതു കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി.

ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായി മോഡിയുടെ റഷ്യ സന്ദര്‍ശനത്തിനിടെയാണു കരാര്‍ യാഥാര്‍ഥ്യമായത്. ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ കര്‍മ പദ്ധതി തയാറാക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. പ്രതിരോധ സഹകരണത്തിനു പുതിയ ദിശനല്‍കാന്‍ നടപടി സ്വീകരിക്കും. അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ മുന്‍ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ കദാക്കിന്റെ സ്മരണ നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ ഒരു റോഡിന് അദ്ദേഹത്തിന്റെ പേരു നല്‍കാനും പുടിനുമായുള്ള മോഡിയുടെ കൂടിക്കാഴ്ചയില്‍ ധാരണയായി.

റഷ്യയുമായുള്ള വ്യാപാര സഹകരണം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 30 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്നും മോഡി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളത്തെ അഞ്ച്, ആറ് യൂണിറ്റുകളുടെ നിര്‍മാണത്തിനാണ് റഷ്യന്‍ പങ്കാളിത്തം ഉറപ്പായത്. ഇതിനുപുറമേ വ്യാപാര, സാങ്കേതിക, പ്രാദേശിക സഹകരണ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലും ഇരു നേതാക്കളും ഒപ്പിട്ടു. രണ്ടു രാജ്യങ്ങളും തമ്മില്‍ ഏഴു ദശകങ്ങളിലധികമായി തുടരുന്ന ബന്ധം കൂടുതല്‍ ഊഷ്മളവും ദൃഢവുമാക്കാനും സഹായിക്കുന്നതാണ് കരാറെന്നു സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോഡിയും പുടിനും പറഞ്ഞു.

ഊര്‍ജമേഖലയിലെ പരസ്പര സഹകരണം തുടര്‍ന്നും സാധ്യമാക്കുന്നതാണ് കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട കരാറെന്ന് പ്രധാനമന്ത്രി മോഡി വ്യക്തമാക്കി. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും (എന്‍.പി.സി.ഐ.എല്‍) റഷ്യയുടെ ആറ്റംസ്‌ട്രോയെക്‌സ്‌പോര്‍ട്ട് കമ്പനിയുമായിരിക്കും റിയാക്ടറുകള്‍ നിര്‍മിക്കുക. 1,000 മെഗാവാട്ട് ശേഷിയുള്ളതാണ് ഓരോ റിയാക്ടറുകളും. 21 ആം നൂറ്റാണ്ടിലേക്കുള്ള ദര്‍ശനം എന്ന പേരില്‍ പുറത്തിറക്കിയ രേഖയില്‍ ഊര്‍ജ മേഖലയില്‍ ഇരു രാജ്യങ്ങളും പാലമായി വര്‍ത്തിക്കുമെന്നും വ്യക്തമാക്കുന്നു.

ഇതിലൂടെ ഇരു രാജ്യങ്ങളിലെയും സംസ്ഥാനങ്ങള്‍ തമ്മില്‍ ഊര്‍ജ മേഖലയില്‍ പരസ്പര സഹകരണം ഉറപ്പാക്കാനാകുമെന്നും ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭാ രക്ഷാകൗണ്‍സിലിലെ സ്ഥിരാംഗത്വം, ആണവവിതരണ സംഘത്തിലെ അംഗത്വം തുടങ്ങിയ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് റഷ്യ തുടര്‍ന്നും പിന്തുണ നല്‍കുമെന്നു വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. പാകിസ്താനുമായുള്ള തങ്ങളുടെ സഹകരണം ഇന്ത്യയുമായുള്ള ബന്ധത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നു പുടിന്‍ നേരെത്ത പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണ് ഇന്ത്യയുമായുള്ള ബന്ധം. ഉറ്റസുഹൃത്തുക്കളുടെ ഗണത്തിലാണ് ഇന്ത്യക്കു സ്ഥാനമെന്നും പുടിന്‍ പറഞ്ഞു.
പാകിസ്താനുമായി സൈനിക സഹകരണമില്ലെന്നു വ്യക്തമാക്കിയ പുടിന്‍ തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമാണെന്നും ഓര്‍മിപ്പിച്ചു. കശ്മീരിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നുണ്ടോയെന്നു കണ്ടെത്തേണ്ടത് ഇന്ത്യയാണ്. സ്വന്തം മണ്ണിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ പാകിസ്താന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.