1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2017

സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം നീട്ടി മോദി, 10,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും, ഇന്ത്യന്‍ ജനത കൂടെയുണ്ടെന്ന് പ്രഖ്യാപനം. കൊളംബോയില്‍ അന്താരാഷ്ട്ര വൈശാഖ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീലങ്കയിലെ തമിഴ് വംശജരുടെ ആത്മവീര്യത്തെ പ്രകീര്‍ത്തിച്ചത്. ഒപ്പം ഡിക്കോയിലെ ഇന്ത്യന്‍ വംശജരായ തമിഴ് സമൂഹത്തോട് സംസാരിക്കവേ അവര്‍ക്കായി 10,000 വീടുകള്‍ നിര്‍മിക്കുമെന്നും അടിയന്തര ആംബുലന്‍സ് സേവനം നീട്ടുമെന്നും മോദി അറിയിച്ചു.

സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള യാത്രയില്‍ ഇന്ത്യന്‍ സര്‍ക്കാരും ജനങ്ങളും ഒപ്പമുണ്ടെന്ന് തമിഴ് ജനതയ്ക്കു പ്രധാനമന്ത്രി മോദി ഉറപ്പുകൊടുത്തു. ശ്രീലങ്കയില്‍ വൊക്കേഷനല്‍ ട്രെയിനിങ് സെന്ററുകള്‍, 10 എഞ്ചിനീയറിങ് ട്രെയിനിങ് സെന്ററുകള്‍, നൈപുണ്യ വികസനത്തിന് ലാബുകള്‍, പ്ലാന്റേഷന്‍ സ്‌കൂളുകളില്‍ കംപ്യൂട്ടര്‍, സയന്‍സ് ലാബുകള്‍ എന്നിവ സ്ഥാപിക്കുമെന്നും മോദി അറിയിച്ചു. ശ്രീലങ്കയിലെ കൊളംബോയില്‍നിന്ന് തന്റെ മണ്ഡലമായ വാരാണസിയിലേക്കു വിമാന സര്‍വീസും മോദി പ്രഖ്യാപിച്ചു.

വെറുപ്പും അക്രമവും ചേര്‍ന്ന മാനസികാവസ്ഥയാണ് ലോകസമാധാനം നേരിടുന്ന വന്‍വെല്ലുവിളിയെന്ന് വ്യക്തമാക്കിയ നരേന്ദ്ര മോദി രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നിന്നല്ല, വെറുപ്പിന്റേയും ഹിംസയുടെയും വേരുകള്‍ ആണ്ടുപോയ മാനസികാവസ്ഥയില്‍ നിന്നാണ് വെല്ലുവിളി ഉയരുന്നതെന്നും ചൂണ്ടിക്കാട്ടി. സാമൂഹിക നീതിയുടെയും ലോക സമാധാനത്തിന്റേയും സന്ദേശങ്ങള്‍ അലയടിക്കുന്നതാണ് ബുദ്ധന്റെ വചനങ്ങളെന്ന് മോദി ചൂണ്ടിക്കാട്ടി.

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, നയതന്ത്രജ്ഞര്‍, രാഷ്ട്രീയ നേതാക്കള്‍, ബുദ്ധമത നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ച ചടങ്ങില്‍ മുഖ്യാതിഥിയായാണ് മോദി എത്തിയത്. ശ്രീലങ്കയിലെ മധ്യപ്രവിശ്യയും തേയിലത്തോട്ടം മേഖലയുമായ സിംഹളരും തമിഴ്‌സമൂഹവും തമ്മിലുള്ള ഐക്യവും സൗഹാര്‍ദവും ശക്തിപ്പെടുത്തണമെന്നും വൈവിധ്യങ്ങള്‍ ആഘോഷിക്കപ്പെടാനുള്ളതാണെന്നും ഏറ്റുമുട്ടാനുള്ളതല്ലെന്നും മോദി പറഞ്ഞു.

പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോദി ആയിരക്കണക്കിന് തമിഴര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തത്. രണ്ടു ദിവസത്തെ ലങ്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി വെള്ളിയാഴ്ച മടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.