1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2022

സ്വന്തം ലേഖകൻ: ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായതിന് പിന്നാലെ സെനഗലിനെതിരേ ഈജിപ്ത് രംഗത്ത്. സെനഗലിലെ ഡാക്കറില്‍ നടന്ന മത്സരത്തിലുടനീളം കാണികള്‍ ഈജിപ്ത് താരങ്ങളുടെ മുഖത്ത് ലേസര്‍ പ്രയോഗിച്ചുവെന്നാണ് പരാതി. ഷൂട്ടൗട്ടില്‍ ഈജിപ്തിന്റെ ആദ്യ കിക്ക് എടുക്കാനെത്തിയ ഈജിപ്തിന്റെ സൂപ്പര്‍ താരം സലയുടെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്നത് ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന് ഫുട്‌ബോള്‍ അസോസിയേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. മത്സരം വീണ്ടും നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

വാംഅപ്പിനിടെ കളിക്കാരെ വംശീയമായി അധിക്ഷേപിച്ചതായും ടീം ബസ് ആക്രമിച്ചതായും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ സഹിതം ഈജിപ്ത് ആരോപിച്ചു. സെനഗല്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സെനഗല്‍ ആരാധകര്‍ സലയെ ആക്രമിക്കാന്‍ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഗാലറിയില്‍ നിന്ന് സലയ്ക്കുനേരെ കുപ്പികളും മറ്റു വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വന്‍ സുരക്ഷാവലയത്തിലാണ് താരത്തെ ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. മത്സരശേഷം മടങ്ങുമ്പോഴും സെനഗല്‍ ആരാധകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഈജിപ്തിനെ തോല്‍പ്പിച്ച സെനഗല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലും ആ മികവ് ആവര്‍ത്തിക്കുകയായിരുന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട ലോകകപ്പ് യോഗ്യതാ റൗണ്ട് രണ്ടാം പാദ മത്സരത്തില്‍ ഈജിപ്തിനെ 3-1ന് മറികടന്ന് സെനഗല്‍ ഖത്തറിലേക്ക് ടിക്കറ്റെടുത്തു. കയ്‌റോയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഈജിപ്ത് 1-0ത്തിന് വിജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ ഈജിപ്ഷ്യന്‍ താരം ഹംദി ഫാത്തിയുടെ സെല്‍ഫ് ഗോളില്‍ സെനഗല്‍ കടംവീട്ടി. ഇതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.