1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2021

സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ കോവിഡ് രണ്ടാം തരംഗത്തിൽ വിറച്ചപ്പോൾ കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയുടെ പ്രതിരോധ മോഡൽ വേറിട്ടു നിൽക്കുന്നു. മുന്തിരി, ആപ്പിൾ എന്നിവയ്ക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും പേരുകേട്ട ഈ ചെറിയ രാജ്യത്ത് ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികളുമുണ്ട്. റൊമേനിയയുടെയും ഉക്രെയ്നിന്റെയും മധ്യേയാണ് മോൾഡോവയുടെ കിടപ്പ്.

ഒരിക്കലും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കാതെ ഘട്ടം ഘട്ടമായ നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം അതിജീവിച്ചത്. ഈസ്റ്റർ കാലഘട്ടത്തിലെ ആഘോഷങ്ങൾ ഒഴിവാക്കാൻ മാളുകളും റസ്റ്ററന്റുകളും വൈകിട്ട് അഞ്ചുവരെ മാത്രം അനുവദിച്ചു. നൈറ്റ് ലൈഫ് ഇല്ലാതെ ആരോഗ്യ അടിയന്തരാവസ്ഥ മാത്രം പ്രഖ്യാപിച്ചാണ് കോവിഡ് തടഞ്ഞത്. വാക്സിനേഷന് പ്രാധാന്യം നൽകി. മോൾഡോവയിലെ നല്ലൊരു വിഭാഗം ജനങ്ങളും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

അതിൽ ഭൂരിഭാഗവും കോവിഡ് കാലത്ത് രാജ്യത്തേക്കു മടങ്ങിയിരുന്നു. കോവിഡ് ബാധിച്ചവർക്ക് വിദഗ്ധ ചികിത്സയും വാക്സിനേഷനും നൽകിയാണു തിരിച്ചയച്ചത്. 76 വർഷം പഴക്കമുള്ള ലോക പ്രശസ്തമായ ഏക മെഡിക്കൽ സർവകലാശാലയായിരുന്നു സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്നത്. സർക്കാരിന്റെ സാധാരണ വാക്സിനേഷൻ സംവിധാനങ്ങൾക്കു പുറമേ വാരാന്ത്യങ്ങളിൽ വെള്ളി വൈകിട്ടു മുതൽ ഞായർ രാത്രി വരെ നീളുന്ന നോൺ സ്റ്റോപ് വാക്സീൻ മാരത്തൺ യൂണിവഴ്സിറ്റി സംഘടിപ്പിക്കുന്നു.

അമേരിക്ക, ഓസ്ട്രേലിയ,യൂറോപ്യൻ രാജ്യങ്ങൾ, എന്നിവിടങ്ങളിൽ നിന്നടക്കം 36 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മെഡിക്കൽ, വെറ്ററിനറി സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാർഥികളടമക്കുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകി. ഏപ്രിൽ 28ന് തന്നെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കിയിരുന്നു. മേയ് 27ന് തുറന്ന പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കേണ്ടതില്ല. ജൂൺ മുതൽ സാധാരണ ക്ലാസ് റൂം പഠനം സ്കൂളുകളിലും സർവകലാശാലകളിലും തുടങ്ങുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.